പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ല; ഇത് ജനാധിപത്യ കേരളമാണ്: വി.ഡി സതീശൻ
എം.എൽ.എമാരെ പൊലീസ് മർദിച്ചത് സംബന്ധിച്ച് ഷാഫി പറമ്പിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പഴയ വിജയനെയും പുതിയ വിജയനെയും തങ്ങൾക്ക് ഭയമില്ല. ആരെയും ഭയന്നല്ല രാഷ്ട്രീയപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവിന്റെ പരാമർശത്തിന് പഴയ വിജയനാണെങ്കിൽ മറുപടി പറയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.
ഓന്നോ രണ്ടോ ആളുകളാണ് കരിങ്കൊടി കാണിക്കുന്നത് എന്നാണ് പരിഹസിക്കുന്നത്. പിന്നെ എന്തിനാണ് പുലർച്ചെ വീട്ടിൽ ഉറങ്ങുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസുകാരെ വ്യാപകമായി കരുതൽ തടങ്കലിലാക്കുകയാണ്. കരുതൽ തടങ്കലിനെതിരെ സി.പി.എം നേതാവായിരുന്ന എ.കെ.ജി പറഞ്ഞതെങ്കിലും വായിച്ചുനോക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കളമശ്ശേരിയിൽ നികുതി വർധനക്കെതിരെ സമരം ചെയ്ത എം.എൽ.എമാർ അടക്കമുള്ളവരെ ക്രൂരമായി മർദിച്ചതിനെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അനുമതി നിഷേധിച്ചു.