കെ-റെയില്‍; സർക്കാർ കാണിക്കുന്ന ധൃതി ദുരൂഹമെന്ന് വി.ഡി സതീശന്‍
പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സർക്കാരിനില്ലെന്നും ഇക്കാര്യം തന്നെയാണ് ഹൈക്കേടതിയും ഇപ്പോൾ ശരിവെച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാണിക്കുന്ന ധൃതി ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിക്കായി പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം പോലും നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സതീശന്‍ സർക്കാരിന് ഹൈക്കോടതി താക്കീത് നൽകിയതും ശ്രദ്ധയില്‍പ്പെടുത്തി. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.
പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സർക്കാരിനില്ലെന്നും ഇക്കാര്യം തന്നെയാണ് ഹൈക്കേടതിയും ഇപ്പോൾ ശരിവെച്ചിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വി.ഡി സതീശന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം
പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനം നടത്താതെയും കേന്ദ്ര സർക്കാരിൻ്റെ അന്തിമാനുമതി ലഭിക്കാതെയും കെ-റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാട്ടുന്ന ധൃതി ദുരൂഹമാണെന്ന് പ്രതിപക്ഷം ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിന് ഹൈക്കോടതിയും ഇപ്പോൾ താക്കീത് നൽകിയിരിക്കുകയാണ്. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സർക്കാരിനില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇക്കാര്യം തന്നെയാണ് ഹൈക്കേടതിയും ഇപ്പോൾ ശരിവെച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം.