കല്ല്യാശ്ശേരി മുതൽ കൊല്ലം വരെ ഞങ്ങളെ തല്ലിയവരുടെ പേര് കയ്യിലുണ്ട്; എണ്ണിയെണ്ണി തിരിച്ചടിക്കും: വി.ഡി സതീശൻ
ഒരു കടലാസ് പോലും എറിയരുതെന്നായിരുന്നു പ്രവർത്തകർക്ക് നൽകിയിരുന്ന നിർദേശം. ഇനിമുതൽ ആ നിലപാട് തിരുത്തുകയാണെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചവരെ തിരിച്ചടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒരു കടലാസ് പോലും എറിയരുതെന്നായിരുന്നു പ്രവർത്തകർക്ക് നൽകിയിരുന്ന നിർദേശം. ഇനി അങ്ങനെയല്ല, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് തെളിയിച്ചു. കല്ല്യാശ്ശേരി മുതൽ കൊല്ലം വരെ തങ്ങളെ തല്ലിയവരുടെ പേര് കയ്യിലുണ്ട്. പേരും വിലാസവുമുണ്ട്. കിട്ടിയതിനെല്ലാം എണ്ണിയെണ്ണി തിരിച്ചടിക്കുമെന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 ദിവസമായി കേരള സമരത്തിൽ യൂത്ത് കോൺഗ്രസ് പുതിയ ചരിത്രം എഴുതിച്ചേർത്തു. മുഖ്യമന്ത്രി ഒരു ജില്ലയിൽ ഇറങ്ങിയാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയാണ്. കല്ല്യാശ്ശേരിയിൽവച്ച് മുഖ്യമന്ത്രിയാണ് കലാപാഹ്വാനം നടത്തിയത്. മുഖ്യമന്ത്രി ക്രിമിനൽ മനസ്സുള്ളയാളാണ്. രണ്ടുപേർ കരിങ്കൊടി കാണിക്കുമ്പോൾ 1000 പേർക്കിടയിൽ ഒളിക്കുന്ന ഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു.
എസ്.എഫ്.ഐ ഷോ സമരമാണ് നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഗാന്ധിയൻമാർ എന്നാൽ ദുർബലർ എന്നല്ല അർഥം. പ്രതിരോധിക്കാനാണ് ഇനി തങ്ങളുടെ തീരുമാനം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് സുരക്ഷ കൊടുക്കുന്ന സംസ്ഥാനമായി കേരളം മാറി. അതിന്റെ ക്രെഡിറ്റ് യൂത്ത് കോൺഗ്രസിനാണെന്നും രാഹുൽ പറഞ്ഞു.