തുഴഞ്ഞു കയറി വീയപുരം; നെഹ്‌റു ട്രോഫിയിൽ വീയപുരം ചുണ്ടൻ ജേതാക്കൾ
തുടർച്ചയായ നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് കിരീടം നിലനിർത്തുന്നത്
ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 69ാമത് നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്. കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. തുടർച്ചയായ നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് കിരീടം നിലനിർത്തുന്നത്. വീയപുരം ചുണ്ടന്റെ കന്നിക്കിരീടം ആണിത്.
ആവേശം കൊടുമുറി കയറിയ മത്സരത്തിൽ യുബിസി-നടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ, കുമരകം ടൗൺ ബോട്ട് ക്ലബ്- ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് വീയപുരം തുഴഞ്ഞു കയറിയത്.
4 മിനിറ്റ് 21.22 സെക്കൻഡിലാണ് വീയപുരം ഫൈനലിൽ ഫിനിഷ് ചെയ്തത്. ചമ്പക്കുള് 4.21.28, നടുഭാഗം 4.22.22, കാട്ടിൽതെക്കേതിൽ 4.22.63 എന്നിങ്ങനെ മറ്റ് വള്ളങ്ങളും ഫിനിഷ് ചെയ്തു. അഞ്ച് ഹീറ്റ്‌സുകളിലായി നടന്ന മത്സരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനാണ്.
പത്തൊമ്പത് ചുണ്ടൻ വള്ളങ്ങളുൾപ്പടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റർ ഇറക്കാനായില്ല. തുടർന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തത്.