'ജലീൽ പ്രവർത്തിച്ചത് മലപ്പുറം മന്ത്രിയായി, കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ സന്തോഷം': വെള്ളാപ്പള്ളി നടേശൻ
ജലീല്‍, തോറ്റേ, തോറ്റേ എന്നാണ് നമ്മൾ ടിവിയിൽ കണ്ടത്, അവസാനം സാങ്കേതികമായാണ് ജയിച്ചത്.
മലപ്പുറം മന്ത്രിയായാണ് കെ.ടി ജലീല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹത്തിന്റേത് വെറും സാങ്കേതിക വിജയം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍. മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ. പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവം. എസ്എൻഡിപിയെയും എസ്എൻ ട്രിസ്റ്റിനെയും തള്ളിപ്പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും തിരുത്തിയാൽ അവർക്ക് നല്ലതാണ് വെള്ളാപ്പള്ളി പറഞ്ഞു.
ജലീല്‍, തോറ്റേ, തോറ്റേ എന്നാണ് നമ്മൾ ടിവിയിൽ കണ്ടത്, അവസാനം സാങ്കേതികമായാണ് ജയിച്ചത്. അദ്ദേഹത്തെ പിന്തുണക്കുന്നത് കാന്തപുരം ആണെന്നാണ് അറിവ്. എനിക്ക് അടുപ്പവും സ്‌നേഹവുമുള്ള മനുഷ്യനാണ് അദ്ദേഹം. ആ കാന്തപുരത്തിന്റെ അനുയായി എന്ന നിലയിലുള്ള സ്‌നേഹം ജലീലിന് ഇല്ല. കേരളത്തിന്റെ മന്ത്രിയായല്ല ജലീൽ മാറിയത്. മലപ്പുറം മന്ത്രിയായി മാറി. അങ്ങനെ മലപ്പുറം മന്ത്രിയാകാൻ പാടില്ലായിരുന്നു-വെള്ളാപള്ളി പറഞ്ഞു.
ഇതിനൊക്കെയുള്ള ശിക്ഷയായിരുന്നു മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. നന്മ ചെയ്യണം, ഇരുന്ന കസേരയിൽ ന്യായവും നീതിയും ധർമവും അനുസരിച്ച് പ്രവർത്തിക്കുവാൻ ജലീലിനായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോൺഗ്രസുകാരുടെ ദയനീയ പരാജയം എന്നെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ട്. എന്റെ വീട്ടിലേക്ക് ആലപ്പുഴയിലെ ഒരു കോൺഗ്രസുകാരനെയും കയറ്റില്ല. പലരും വരാനായി നോക്കി. എന്നെ അത്രത്തോളം പീഡിപ്പിച്ചിട്ടുണ്ട് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ. ചെന്നിത്തലയെ കുറ്റം പറയുന്നില്ല. ഒരു തെറ്റും ചെയ്യാത്ത എന്നെ ദ്രോഹിക്കുവാനും തകർക്കുവാനുമൊക്കെ ചെയ്തവരാണ് ഇവിടുത്തെ ജില്ലാ നേതൃത്വം. എന്റെ വീട്ടിലേക്ക് ഊര് വിലക്ക് വരെ അവർ ഏർപ്പെടുത്തിയിട്ടുണ്ട്. അവർക്ക് തോന്നുമ്പോൾ വരാനും പോകാനുമുള്ള വഴിയമ്പലമല്ല എന്റെ വീടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Watch Video: