സുധാകരൻ മലബാറുകാരനല്ലേ, തിരുവിതാംകൂറിലെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല: വെള്ളാപ്പള്ളി നടേശൻ
"ഇന്നലെ വരെ കൊമ്പുകോർത്തിരുന്ന ഉമ്മൻചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്"
കോൺഗ്രസിൽ കെ സുധാകരൻ ചാർജെടുത്തത് മുതൽ അടിയാണെന്ന് എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടി ഇപ്പോൾ കൂട്ടയടിയായിട്ടുണ്ട് എന്നും ഹൈക്കമാൻഡിനേക്കാൾ വലിയ ഹൈക്കക്കമാൻഡായി ചിലർ കോൺഗ്രസിന് അകത്ത് നിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
'ശങ്കർ സാറിനെ തകർത്ത പ്രേതങ്ങൾ ഇന്നും കേരളത്തിൽ നിൽക്കുകയാണ്. കെ സുധാകരൻ തിരുവിതാംകൂറിലെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹം മലബാറുകാരനാണ്. വളർന്നുവരുന്ന പിന്നാക്ക വിഭാഗക്കാരെ വളർത്തിയ പാരമ്പര്യം തിരുവിതാംകൂറിലില്ല. എല്ലാവരെയും അവർ ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടില്ലേ. അത് പണ്ടും ഇപ്പോഴും നടത്തിയിട്ടുണ്ട്. അതു കൊണ്ടല്ലേ, ശങ്കർ സാർ താഴെപ്പോയത്. ഇന്നലെ വരെ കൊമ്പുകോർത്തിരുന്ന ഉമ്മൻചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്.' - വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ജി സുധാകരനെ സിപിഎം ശാസിച്ച നടപടിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'തെറ്റു ചെയ്തവനെ ചെറുതാണെങ്കിലും വലുതാണെങ്കിലും ശാസിക്കുന്ന രീതിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടേത്. വിഎസ് അച്യുതാനന്ദന് വരെ കൊടുത്തിട്ടുണ്ട്. തെറ്റു കണ്ടെത്തിയതിന് ശിക്ഷ കൊടുക്കുന്നത് മര്യാദയാണ്. ആ ശിക്ഷ സുധാകരൻ ഉൾക്കൊണ്ടു. സുധാകരൻ നല്ലൊരു സംഘാടകനാണ്. അഴിമതി രഹിതനായ മന്ത്രിയാണ്. പലപ്പോഴും അദ്ദേഹത്തെ തകർക്കാൻ പാർട്ടിക്ക് അകത്തു നിന്ന് ഒളിഞ്ഞ് ആക്രമിച്ചവരുണ്ട്. ആലപ്പുഴയെ സംബന്ധിച്ച് അദ്ദേഹം ഒഴിവാക്കാൻ കഴിയുന്ന വ്യക്തിത്വമാണ്. സുധാകരന്റെ പ്രസക്തി ജില്ലയിൽ മറ്റാർക്കുമില്ല.' - വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാറിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും ചുവടുപിടിച്ച് കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോൾ-ഡീസൽ വില സാധാരണക്കാർക്ക് താങ്ങാവുന്നതിനും മീതെയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.