വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് പൊലീസ് റിപ്പോർട്ട്

26 ഓളം ശുപാർശകളടങ്ങിയ റിപ്പോർട്ട് സർക്കാറിനും ജില്ലാ കലക്ടർക്കും സമർപ്പിക്കും

Update: 2022-02-10 12:13 GMT
Editor : Lissy P | By : Web Desk
Advertising

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് പൊലീസ് റിപ്പോർട്ട്.   ചിൽഡ്രസ് ഹോമിൽ നിന്നും പെൺകുട്ടികൾ ഒളിച്ചുകടന്ന സംഭവത്തിൽ കമ്മീഷണർ നിർദേശിച്ച പ്രത്യേക അന്വേഷണ സംഘമാണ് സുരക്ഷ റിപ്പോർട്ട് സമർപ്പിച്ചത്.

ചിൽഡ്രൻസ് ഹോമിൽ സി.സി.ടി.വി, സെക്യൂരിറ്റി, കുട്ടികൾക്കായി മെന്റർ എന്നിവ ഉറപ്പാക്കണം, കൂടുതൽ ജീവനക്കാരെ നിയമിക്കണം തുടങ്ങി 26 ഓളം ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്. സമ്പൂർണമായ മാറ്റം ബാല മന്ദിരത്തിൽ ആവശ്യമാണെന്നും ശുപാർശയിലുണ്ട്. ഇടക്കിടെ മിന്നൽ പരിശോധന നടത്തി വീഴ്ച കണ്ടാൽ നടപടിയെടുക്കണം. നിലവിൽ ഹോമിൽ എട്ട് ജീവനക്കാരുടെ കുറവുണ്ടെന്നാണ് സുരക്ഷാ റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രായപരിധി കഴിഞ്ഞ അഞ്ച് പേർ അന്തേവാസികളായി ഹോമിലുണ്ട്. അവരെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

റിപ്പോർട്ട് സർക്കാറിനും ജില്ലാ കലക്ടർക്കും സമർപ്പിക്കും. സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി ഉമേഷിനായിരുന്നു അന്വേഷണ ചുമതല. ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ചാടിപ്പോകാനുള്ള സാഹചര്യമെന്താണെന്ന് അന്വേഷിക്കാനായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി ഉമേഷിനെ ചുമതലപ്പെടുത്തിയത്. സ്‌പെഷൽ ബ്രാഞ്ച് എ.സി.പിയും മെഡിക്കൽ കോളജ് എസിപിയും സിഡബ്ല്യുസിയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിലെ നിർദേശങ്ങൾ സമയബന്ധിതമായി ചർച്ച ചെയ്ത് നടപ്പാക്കുമെന്ന് കമ്മീഷണർ എ.വി ജോർജ് പറഞ്ഞു.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News