കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസിനും കേസെടുക്കാം; നിയമ തടസമില്ലെന്ന് ഹൈക്കോടതി
കുറ്റപത്രം സമര്‍പ്പിക്കാന്‍ തടസമില്ലെന്നും കോടതി
കൊച്ചി: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസെടുക്കാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിയമ തടസങ്ങൾ ഇല്ലെന്ന് കോടതി വ്യക്തമാക്കി. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതി അഴിമതികേസിൽ നിന്ന് നോർത്ത് മലബാർ ഗ്രാമീൺബാങ്ക് ജീവനക്കാരെ ഒഴിവാക്കിയ വിജിലൻസ് കോടതി ഉത്തരവും റദ്ദാക്കി.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഐപിസി ആക്ടും ഉപയോഗിച്ച് വിജിലൻസ് കേസെടുക്കുന്നതിൽ നിയമതടസമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ കേസെടുക്കാൻ കഴിയൂ എന്ന് നിയമമില്ല. അഴിമതി കേസിൽ ഉൾപ്പെട്ടവർക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസിന് കഴിയുമെന്നും കോടതി കണ്ടെത്തി.
വിജിലൻസ് മാന്വൽ അന്വേഷണം നടത്താനുള്ള രേഖമാത്രമാണെന്നും കുറ്റപത്രം സമർപ്പിക്കുന്നതിനോ അന്വേഷണം നടത്തുന്നതിനോ മാന്വൽ തടസമാകില്ലെന്നും കോടതി കണ്ടെത്തി.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാരിന് കീഴിൽ വരുന്ന
നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉദ്യോഗസ്ഥരായിരുന്നു കേസില പ്രതികൾ. ഇവരെ കേസിൽ നിന്നും ഒഴിവാക്കിയ വിജിലൻസ് കോടതിയുടെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കേസിലെ ആദ്യ നാല് പ്രതികളോടും വിചാരണ നേരിടാനും ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് നിർദേശം നൽകി.