സ്ത്രീധനമായി ഒരേക്കർ ഭൂമി, 100 പവൻ, 10 ലക്ഷത്തിന്റെ കാർ'; എന്നിട്ടും നാടിനെ നടുക്കി വിസ്മയയുടെ മരണം
കിരണിന്‍റെ മര്‍ദനത്തിൽ ഏറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു
കൊല്ലം ശാസ്താംകോട്ടയില്‍ നിലമേല്‍ സ്വദേശിനി വിസ്മയ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് പല തവണ ഭർത്താവ് കിരൺ കുമാർ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി പെണ്കുട്ടിയുടെ കുടുംബം പറഞ്ഞു. കിരണിന്‍റെ മര്‍ദനത്തിൽ ഏറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു. സഹോദരനും ഭാര്യയുമായി വിസ്മയ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിലും മർദ്ദനത്തിന്‍റെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
2020 മെയ് മാസത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനി വിസ്മയയും തമ്മിലുളള വിവാഹം. വിസ്മയയ്ക്ക് സ്ത്രീധനമായി ഒരേക്കർ സ്ഥലവും, 100 പവൻ സ്വർണവും 10 ലക്ഷം രൂപ വിലവരുന്ന വാഹനവുമാണ് കുടുംബം നൽകിയത്. എന്നാൽ വാഹനത്തിന് പകരം പണം മതി എന്നായിരുന്നു കിരണിന്‍റെ ആവശ്യം. മദ്യപിക്കുന്ന കിരൺ ഇക്കാര്യം പറഞ്ഞു പലതവണ വിസ്മയയെ മർദ്ദിച്ചിരുന്നു. ഒരിക്കൽ നിലമേലെ സ്വന്തം വീട്ടിൽ വച്ചും വിസ്മയ
മർദനത്തിന് ഇരയായി. അന്ന് അത് ചോദ്യം ചെയ്ത വിസ്മയയുടെ സഹോദരനെയും കിരൺ മർദ്ദിച്ചിരുന്നു. ഭർത്തൃഗൃഹത്തിൽ പ്രശ്നങ്ങൾ തുടർക്കഥയായതോടെ വിസ്മയ സ്വന്തം വീട്ടിലേക്ക് താമസം മാറി. എന്നാൽ പിന്നീട് ബിഎഎംഎസിന് പഠിക്കുകയായിരുന്നു വിസ്മയ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച് താമസിക്കാന്‍ വീണ്ടു തയ്യാറായി കിരണിനൊപ്പം പോയി. എന്നാല്‍ പൊരുത്തക്കേടുകള്‍ വീണ്ടും തുടങ്ങി.
ഇന്ന് പുലര്‍ച്ചെയാണ് വിസ്മയ മരിച്ച വാര്‍ത്ത ബന്ധുക്കള്‍ അറിയുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചു എന്നാണ് അറിയിച്ചത്. എന്നാൽ മൃതദേഹം കിരണും കുടുംബവും ശാസ്താംകോട്ട പത്മാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇത് ദുരൂഹത വർധിപ്പിക്കുന്നു എന്ന് വിസ്മയയുടെ കുടുംബം ആരോപിക്കുന്നു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ഭൗതികശരീരം പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. വിസ്മയയുടെ ഭർത്താവ് കിരൺ നിലവിൽ ഒളിവിലാണ്. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ വനിതാ കമ്മിഷന്നും കേസെടുത്തിട്ടുണ്ട്.