വി.എം സുധീരന്‍റെ രാജി;ഹൈക്കമാന്‍റ് ഇടപെടുന്നു
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അൻവർ സുധീരനെ നേരിൽ കണ്ടേക്കും
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവെച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ്സ് തുടരും. സുധീരൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിലും ചർച്ചകൾ തുടരാനാണ് ഹൈക്കമാൻ്റ് നിർദേശം.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അൻവർ സുധീരനെ നേരിൽ കണ്ടേക്കും.സുധീരനെ അനുനയിപ്പിക്കാന്‍ വി.ഡി സതീശൻ ഇന്നലെ നടത്തിയ സമവായ നീക്കം പാളിയിരുന്നു. താനടക്കമുള്ള നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തുമെന്നും പറഞ്ഞായിരുന്നു സുധീരന്‍റെ വീട്ടിൽ നിന്നുള്ള സതീശന്‍റെ മടക്കം.
പക്ഷേ പിന്നാലെ തെറ്റുകൾ ചൂണ്ടി കാട്ടാനുള്ള സമയം സുധീരൻ വിനിയോഗിച്ചില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തലുമായി കെ.പി.സി.സി അധ്യക്ഷൻ സുധാകരൻ രംഗത്ത് വന്നു. ഇതിനിടയിൽ സുധീരനെ കാണാനുള്ള തീരുമാനത്തിൽ നിന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ പിൻമാറിയത് സമവായ ശ്രമങ്ങൾ അവസാനിച്ചതായ പ്രതീതി സൃഷ്ടിക്കുന്നതിന് ഇടയാക്കി. പിന്നാലെ ഹൈക്കമാൻ്റ് ഇടപെട്ടതായാണ് വിവരം. താരീഖ് അൻവറി നോട് സുധീരനുമായി ചർച്ച നടത്തണമെൻ്റ് ഹൈക്കമാൻ്റ് നിർദേശിച്ചുണ്ട്. ഇന്ന് കെ.പി.സി സി അധ്യക്ഷനുമായി ചർച്ച നടത്തിയ ശേഷം താരീഖ് സുധീരനെ കണ്ടേക്കും.
ഇടഞ്ഞ് നിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ , രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായും താരീഖ് അൻവർ ഇന്ന് കൂടിക്കാഴ്ച നടത്താനാണ് സാധ്യത. നിലവിലെ നേത്യത്വത്തിന് സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനൊപ്പം കേരളത്തിലെ നേതാക്കൾക്കിടയിലെ ഭിന്നത പരിഹരിക്കാനും ഹൈക്കമാൻ്റ് ലക്ഷ്യമിടുന്നു. അതിനാലാണ് തിരക്കിട്ട സമവായ ചർച്ചകൾക്ക് കളം ഒരുക്കുന്നത്.