സഹതാപതരംഗം മറികടക്കും; ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം വിജയപ്രതീക്ഷ: വി.എൻ വാസവൻ
രാഷ്ട്രീയ പോരാട്ടത്തിനാണ് എൽ.ഡി.എഫ് തയ്യാറെടുക്കുന്നത്. യു.ഡി.എഫിന് രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് മറ്റു കാര്യങ്ങൾ പറയേണ്ടിവരുന്നതെന്നും വാസവൻ മീഡിയവണിനോട് പറഞ്ഞു.
കോട്ടയം: രാഷ്ട്രീയ പോരാട്ടത്തിനാണ് പുതുപ്പള്ളിയിൽ എൽ.ഡി.എഫ് ഒരുങ്ങുന്നതെന്ന് മന്ത്രി വി.എൻ വാസവൻ. സ്ഥാനാർഥിയെ പ്രഖ്യാപിക്കുക എന്നത് മാത്രമല്ല തെരഞ്ഞെടുപ്പ് പ്രവർത്തനം. താഴേത്തട്ട് മുതൽ ചിട്ടയായ പ്രവർത്തനങ്ങൾ നടക്കുക എന്നതാണ് പ്രധാനം. കോൺഗ്രസ് സാധാരണ വളരെ വൈകിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാറുള്ളത്. ഇത്തവണ നേരത്തേ പ്രതീക്ഷിച്ചതുപോലെ അവർക്ക് ഒരു സ്ഥാനാർഥിയുണ്ടായി. അതിന് തെരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യമില്ലെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ പോരാട്ടത്തിനാണ് എൽ.ഡി.എഫ് ഒരുങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം തങ്ങൾക്ക് അനുകൂലമാണ്. സ്ഥാനാർഥിയില്ലാത്തത് പ്രചാരണത്തെ ബാധിക്കില്ല. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനായി. ഇത് വിജയത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാസവൻ പറഞ്ഞു.
സഹതാപതരംഗം വലിയ ഭീഷണിയായി കാണുന്നില്ല. ഇതിലും വലിയ സഹതാപതരംഗം കോട്ടയത്ത് എൽ.ഡി.എഫ് മറികടന്നിട്ടുണ്ട്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സുരേഷ് കുറുപ്പ് വിജയിച്ചു. കെ.എം മാണിയുടെ മരണശേഷം പാലയിൽ മാണി സി. കാപ്പനെ വിജയിപ്പിച്ച ചരിത്രവുമെല്ലാം എൽ.ഡി.എഫിനുണ്ടെന്നും വാസവൻ വ്യക്തമാക്കി.