സമസ്ത - സി.ഐ.സി പ്രശ്‌നം ഞങ്ങളുടെ വിഷയമല്ല, വാഗ്ദാനം ചെയ്ത കോഴ്‌സ് പഠിക്കാൻ അവസരം വേണം: വഫിയ്യ വിദ്യാർഥികൾ
വളാഞ്ചേരി മർക്കസിൽ തങ്ങളുടെ സഹപാഠികളായ 25പേർ ഇപ്പോഴും മഹിളാ മന്ദിരത്തിൽ തുടരുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു.
കോഴിക്കോട്: തങ്ങൾക്ക് വാഗ്ദാനം ചെയ്ത കോഴ്‌സ് പൂർത്തിയാക്കാൻ അവസരം നൽകണമെന്ന് വളാഞ്ചേരി മർക്കസിലെ വഫിയ്യ വിദ്യാർഥികൾ. കഴിഞ്ഞ ദിവസം മർക്കസ് ഹോസ്റ്റലിൽനിന്ന് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഉച്ചക്ക് പൊലീസ് വന്നപ്പോൾ അവരുടെ കയ്യിൽ രേഖയൊന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മർക്കസ് മാനേജ്‌മെന്റ് ഒരു നോട്ടീസ് എഴുതി സീലുംവെച്ച് ഇറക്കിയത്. മക്കളെ കൊണ്ടുപോകാൻ പൊലീസ് സ്റ്റേഷനിലേക്ക് വരൂ എന്ന് രക്ഷിതാക്കളെ വിളിച്ചുപറഞ്ഞാൽ എങ്ങനെയുണ്ടാവും. അതാണ് ഇപ്പോൾ തങ്ങളുടെ അവസ്ഥയെന്നും വഫിയ്യ വിദ്യാർഥികൾ പറഞ്ഞു.
സമസ്ത-സി.ഐ.സി പ്രശ്‌നം തങ്ങളുടെ വിഷയമല്ല. വാഗ്ദാനം ചെയ്ത കോഴ്‌സ് പഠിക്കാൻ അവസരം വേണം. ഇനി അഡ്മിഷൻ നടത്തണോ വേണ്ടേ എന്നതൊക്കെ അവരുടെ തീരുമാനമാണ്. തങ്ങളുടെ കോഴ്‌സ് പൂർത്തിയാക്കാൻ സ്ഥാപനം അവസരമൊരുക്കണം. തങ്ങളുടെ സഹപാഠികളായ 25 പേർ ഇപ്പോഴും മഹിളാ മന്ദിരത്തിൽ തുടരുകയാണെന്നും വിദ്യാർഥികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വളാഞ്ചേരി മർക്കസിലെ ഹോസ്റ്റലിൽനിന്ന് കഴിഞ്ഞ ദിവസമാണ് വാഫി-വഫിയ്യ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോളജ് മാനേജ്‌മെന്റിന്റെ പരാതിയെ തുടർന്നായിരുന്നു നടപടി. സമസ്ത സി.ഐ.സിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന് വളാഞ്ചേരി മർക്കസിൽ വാഫി-വഫിയ്യ കോഴ്‌സുകൾ നിർത്തുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു.