കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.
അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനാണ് സാധ്യത.