'ഇന്ന് സീതിഹാജി ദിനമായിരുന്നോ?'; പി.കെ ബഷീറിനെതിരെ എം.എം മണിയുടെ ഒളിയമ്പ്

ഇന്ന് ഫെയ്‌സ്ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂവെന്നും എം.എം മണി

Update: 2022-06-23 14:15 GMT
Editor : afsal137 | By : Web Desk
Advertising

ഏറനാട് എം.എൽ.എ പി.കെ ബഷീറിനെതിരെ ഒളിയമ്പുമായി മുൻ മന്ത്രി എം.എം മണി. ''ഇന്ന് സീതിഹാജി ദിനമായിരുന്നോ? ഇന്ന് ഫെയ്‌സ്ബുക്ക് തുറന്നപ്പോ ഈ പേര് മാത്രമേ കാണാനുള്ളൂ''- ഇങ്ങനെയായിരുന്നു എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. എം.എം മണിക്കെതിരെ വംശീയാധിക്ഷേപം നടത്തിയതോടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം നേരിടുകയാണ് പി.കെ ബഷീർ എം.എൽ.എ.

'കറുപ്പ് കണ്ടാൽ പേടിക്കുന്ന പിണറായി വിജയൻ സംസ്ഥാന കമ്മിറ്റിയിൽ ചെല്ലുമ്പോൾ എം.എം മണിയെ കണ്ടാൽ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവും കറുപ്പല്ലേ?'- വയനാട്ടിലെ കൽപ്പറ്റയിൽ സംഘടിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തക കൺവെൻഷനിലാണ് ഏറനാട് എം.എൽ.എ വിവാദ പരാമർശം നടത്തിയത്. എന്നാൽ പി.കെ ബഷീറിന്റെ വിവാദ പരാമർശത്തിൽ എം.എ മണിയുടെ പ്രതികരണം ആരാഞ്ഞപ്പോൾ ബഷീറിന്റെ പരാമർശത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങൾ തെറി പറയുന്നുണ്ട്. താൻ ഒന്നും പറയേണ്ട ആവശ്യമില്ല. എം.എൽ.എ ക്വാർട്ടേഴ്സിൽ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോൾ ചോദിക്കുമെന്നും എം.എം മണി കൂട്ടിച്ചേർത്തു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവർ വേദിയിൽ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരിഹാസം. വംശീയാധിക്ഷേപത്തിൽ എം.എം മണി എം.എൽ.എക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാൻ എന്നാണ് മന്ത്രി ഫേസ് ബുക്കിൽ കുറിച്ചത്.



 

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News