സൈലന്റ് വാലിയിലെ വാച്ചറെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയെന്ന് സംശയം; അന്വേഷിക്കണമെന്ന് കുടുംബം
രാജൻ കാട് വിട്ടു മറ്റെങ്ങും പോകില്ലെന്ന് മകൾ
പാലക്കാട്: സൈലന്റ് വാലിയിലെ വാച്ചർ രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത അന്വേഷിക്കണമെന്ന് കുടുംബം.മുക്കാലി സ്വദേശിയായ സൈലന്റ് വാലിയിലെ വാച്ചർ രാജനെ കാണാതായിട്ട് ഒൻപതു ദിവസം പിന്നിട്ടു. വനത്തിനകത്ത് പല തവണ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. വന്യമൃഗങ്ങൾ ആക്രമിച്ചതാകാനുള്ള സാധ്യത കുറവാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ രാജനെ അവർ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടു പോയതാണോ എന്ന സാധ്യത കൂടി അന്വേഷിക്കണമെന്ന് രാജന്റെ സഹോദരൻ ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
രാജൻ കാട് വിട്ടു മറ്റെങ്ങും പോകില്ലെന്നാണ് മകൾ രേഷ്മയും പറയുന്നു. അടുത്ത മാസം പതിനൊന്നിനു രാജന്റെ മകളുടെ വിവാഹമാണ്. അതിനു മുമ്പേ രാജനെ കണ്ടെത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.രാജനായുള്ള അന്വേഷണം സൈലന്റ് വാലിക്ക് പുറത്തെ കാടുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും രാജന്റെ കുടുംബം ആവശ്യപെട്ടു.