സൈലന്‍റ് വാലി വനത്തിൽ കാണാതായ വാച്ചർ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല
വയനാട്ടിൽ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്
പാലക്കാട്: പാലക്കാട് സൈലന്‍റ് വാലി വനത്തിൽ കാണാതായ വാച്ചർ രാജനെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. വയനാട്ടിൽ നിന്നുള്ള ട്രക്കിങ്ങ് സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
വനം വകുപ്പും പൊലീസും ആദിവാസി വാച്ചർമാരും സംയുക്തമായി മൂന്നാം ദിവസം നടത്തിയ തിരച്ചിലിലും വാച്ചർ രാജനെ കണ്ടെത്തായില്ല. മൂന്നാം ദിവസം തിരച്ചിലിനായി 39 ആദിവാസി വാച്ചർമാരുമുണ്ടായിരുന്നു. അവർ 12 മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. 52 പേരടങ്ങുന്ന സംഘം സൈരന്ധ്രി വനത്തിൽ ഒരു കിലോമീറ്ററോളം ചെങ്കുത്തായ പാറയിടുക്കുകളിൽ വരെ രാജനായി തിരച്ചിൽ നടത്തി. മൃഗങ്ങൾ താമസിക്കാൻ സാധ്യതയുള്ള ഗുഹകളും പരിശോധിച്ചു.
അഗളി പൊലീസ് ബുധനാഴ്ച തന്നെ മാൻ മിസിങ്ങിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയായതിനാൽ അത് കേന്ദ്രീകരിച്ചാണ് വനം വകുപ്പ് തിരച്ചിൽ നടത്തുന്നത്. കടുവയടക്കം വന്യമൃഗങ്ങൾ ഉള്ള സ്ഥലമാണെങ്കിലും ചോരത്തുള്ളികളോ മറ്റുള്ള അടയാളങ്ങളോ അവശേഷിപ്പിക്കാത്തതാണ് വാച്ചറിന്‍റെ തിരോധനത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. വയനാട്ടിൽ നിന്ന് എത്തിയ ട്രാക്കിങ്ങ് വിദഗ്ധരും തിരച്ചിലിന് നിറങ്ങിയിട്ടുണ്ട്. സൈരന്ധ്രി ക്യാമ്പ് ഷെഡിന് സമീപത്ത് നിന്നും മൂന്നാം തിയതിയാണ് രാജനെ കാണാതായത്.