ബെംഗളൂരുവിലെ ജലക്ഷാമം: ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് സർക്കാർ
എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഐ.ടി കമ്പനികൾക്ക് കത്തെഴുതിയതായി മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മുൻനിര ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സർക്കാർ. ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞതോടെ തങ്ങൾ ഐ.ടി കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും ധാരാളം വെള്ളവും വാഗ്ദാനം ചെയ്തുകൊണ്ട് കത്തെഴുതിയതായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് ഇക്കണോമിക്സ് ടൈംസിനോട് പറഞ്ഞു. സംസ്ഥാനത്ത് ചെറുതും വലുതുമായ 44 നദികളുണ്ട്. അതിനാൽ തന്നെ വെള്ളമൊരു പ്രശ്നമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതെല്ലാം കമ്പനികൾക്കാണ് ഔദ്യോഗികമായി കത്തയച്ചതെന്ന് പറയാൻ വിസമ്മതിച്ച മന്ത്രി, പല കമ്പനികളുമായി ചർച്ചയിലാണെന്നും വ്യക്തമാക്കി.
പ്രസ്റ്റീജ് ഗ്രൂപ്പ് 8.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചിയിൽ ടെക് പാർക്ക് നിർമിച്ചിട്ടുണ്ട്. ബ്രിഗേഡ് ഗ്രൂപ്പിന്റെ ഇത്തരത്തിലുള്ള പാർക്ക് തിരുവനന്തപുരത്ത് വരുന്നുണ്ട്. കൊച്ചിയിലെ ഇൻഫോപാർക്കിലും സൗകര്യങ്ങളുണ്ട്. മികച്ച റോഡ്, റെയിൽ ഗതാഗതം, തുറമുഖ സൗകര്യം എന്നിവക്ക് പുറമെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തുടർചർച്ചകൾക്കായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനം മുഴുവനായും സിലിക്കൺ വാലി മാതൃകയിൽ വികസിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ടെക്‌നോളജി ബിരുദധാരികളായ പ്രതിഭകൾ ഉൾപ്പെടെ ടെക് മേഖലയെ സ്വീകരിക്കാൻ മികച്ച സൗകര്യമാണ് സംസ്ഥാനത്തുള്ളതെന്നും രാജീവ് വ്യക്തമാക്കി.
ഇൻഫോപാർക്ക് (കൊച്ചി), ടെക്‌നോപാർക്ക് (തിരുവനന്തപുരം), സൈബർപാർക്ക് (കോഴിക്കോട്) എന്നീ മൂന്ന് സ്ഥാപിത സൗകര്യങ്ങൾ സംസ്ഥാനത്തുണ്ട്. പുതിയ നിക്ഷേപങ്ങളെ പിന്തുണക്കാൻ നിർദ്ദിഷ്ട ഇടനാഴികളിൽ സർക്കാർ ചെറിയ ടെക് പാർക്കുകൾ സ്ഥാപിക്കും. കണക്റ്റിവിറ്റിയും മറ്റു അടിസ്ഥാന സൗകര്യങ്ങളുമുള്ള ചെറിയ ഐ.ടി പാർക്കുകൾ വികസിപ്പിക്കും.
അഞ്ച് വർഷത്തിനുള്ളിൽ ടെക് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം ഒരു ദശലക്ഷമായി ഉയർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് സംസ്ഥാനം പിന്തുടരുന്നത്. സംസ്ഥാനത്തുടനീളം സർക്കാർ, സ്വകാര്യ മേഖലയുടെ ഉടമസ്ഥതയിലുള്ള ടെക് പാർക്കുകളിൽ രണ്ടര ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇത് നാലിരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ വമ്പൻ പദ്ധതിയുടെ ഭാഗമായി തീരദേശ ഹൈവേയോട് ചേർന്ന് സർക്കാർ നാല് ഐ.ടി ഇടനാഴികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം-കൊല്ലം, ചേർത്തല-എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂർ എന്നിങ്ങനെയാണ് ഐ.ടി ഇടനാഴികൾ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യൂനിവേഴ്സിറ്റികളുമായി സഹകരിച്ച് സയൻസ് പാർക്കും സജ്ജീകരിക്കുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂനിവേഴ്സിറ്റി തിരുവനന്തപുരത്ത് ആരംഭിക്കും. സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന് കീഴിൽ 5000 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തതായും ഇതുവഴി ഏകദേശം 10,000 ജോലികൾ സൃഷ്ടിച്ചതായും മന്ത്രി പി. രാജീവ് അവകാശപ്പെട്ടു.