കണ്ണോത്ത്മല അപകടം: ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ
പരുക്കേറ്റ് ചികത്സയിൽ ഉള്ള 5 പേരുടെയും ആരോഗ്യ നില മെച്ചപ്പെട്ടു.
വയനാട്: കണ്ണോത്ത്മലയിൽ അപകടത്തിൽ പെട്ട ജീപ്പിന്റെ ബ്രേക്ക് കേബിളുകളടക്കം പൊട്ടിയിട്ടുണ്ടെന്ന് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൃത്യമായ അപകടകാരണം വ്യക്തമാകു എന്നും അറിയിച്ചു. ക്രയിൻ ഉപയോഗിച്ചാണ് വാഹനം കരക്കെത്തിച്ചത്.
ഒൻപതു പേരുടെ മരണത്തിനു ഇടയാക്കിയ ജീപ്പപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദ പരിശോധന വേണം. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നതു കാരണം യന്ത്രത്തകരാർ കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ സാധിച്ചിട്ടില്ല. അതേ സമയം പരുക്കേറ്റവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു.
30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് ക്രെയിൻ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. അതിനു മുൻപ് മോട്ടോർ വാഹന വകുപ്പധികൃതരും, ഫോറൻസിക് വിദഗ്ദ്ധരും ചേർന്ന് വാഹനം വിശദമായി പരിശോധിച്ചു. പിറകു വശം ചേർന്ന് മറിഞ്ഞതിനാൽ ജീപ്പിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണുള്ളത്. ബ്രേക്ക് പൈപ്പുകളടക്കം തകർന്നതിൽ വിദഗ്ധ പരിശോധന ആവശ്യമാണ്.
റോഡിന്റെ അരികിൽ സുരക്ഷ സംവിധാനം ഇല്ലാത്തതാണ് ജീപ്പ് കൊക്കയിലേക്ക് മറിയാൻ കാരണമായി പറയുന്നത്. മറിഞ്ഞിടത്തുണ്ടായിരുന്ന ഉരുളൻ പാറകളടക്കം ഉണ്ടായത് അപകടത്തിന്റെ ആഘാതം കൂട്ടി. പരുക്കേറ്റ് ചികത്സയിൽ ഉള്ള 5 പേരുടെയും ആരോഗ്യ നില മെച്ചപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികത്സയിലുള്ള മോഹന റാണിയെ ഐ.സി.യുവിൽ നിന്നും മാറ്റും.