വയനാട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്റെ ദുരൂഹമരണത്തിൽ ആറ് വിദ്യാർഥികൾ അറസ്റ്റിൽ
കോളജിൽ വിദ്യാർഥികളെ പരസ്യമായി വിചാരണ ചെയ്യുന്നത് പതിവാണെന്നാണ് പൊലീസ് കണ്ടെത്തൽ
വയനാട്ടിലെ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ ദുരൂഹ മരണത്തിൽ ആറ് വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിൽഗേറ്റ് ജോഷ്വ, അഭിഷേക് എസ്, ആകാശ് എസ്.ഡി, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ.ഡി എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ കേസിലെ 12 പ്രതികൾ ഒളിവിൽ തുടരുകയാണ്.
അതേസമയം കോളജിൽ വിദ്യാർഥികളെ പരസ്യമായി വിചാരണ ചെയ്യുന്നത് പതിവാണെന്നാണ് പൊലീസ് കണ്ടെത്തൽ. കോളജ് അധികൃതരിലേക്കോ പൊലീസിലേക്കോ വിദ്യാർഥികളുടെ പരാതി എത്താറില്ല.
പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കമുള്ള പ്രതികളെ പൊലീസും കോളജ് അധികൃതരും സംരക്ഷിക്കുകയാണെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.
രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം പുകയുന്നത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാരോപിച്ച് സിദ്ധാർഥൻ്റെ മാതാപിതാക്കളും രംഗത്തുവന്നു.
മൃതദേഹത്തിൽ മർദനമേറ്റതിൻ്റെ നിരവധി പാടുകളുമുണ്ടായിരുന്നു. സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുൾപ്പെടെ ഒളിവിൽ പോയ 12 പ്രതികളെ 10 ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ സാഹചര്യത്തിലാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. 24നു വൈകിട്ട് വരെ പ്രതി ളിൽ ഭൂരിഭാഗവും ക്യാംപസിലുണ്ടായിരുന്നെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു.