വണ്ടിപ്പെരിയാർ വിധി ആഭ്യന്തര വകുപ്പിന്റെ പരാജയം-വെൽഫെയർ പാർട്ടി
മുഖ്യമന്ത്രിയുടെ സുരക്ഷ കാര്യത്തിൽ സർക്കാർ കാണിക്കുന്ന ആവേശത്തിന്റെ നൂറിലൊന്നെങ്കിലും നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഷയത്തിൽ കാണിക്കാൻ ആഭ്യന്തര വകുപ്പ് മനസ്സ് വെച്ചാൽ വണ്ടിപ്പെരിയാർ കേസിൽ ഇങ്ങനെ ഒരു വിധി വരില്ലായിരുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു.
കോഴിക്കോട്: വണ്ടിപ്പെരിയാറിൽ ആറു വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട കോടതി വിധി സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്. അതീവ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും നടത്തേണ്ട കേസിൽ ആഭ്യന്തര വകുപ്പ് കാണിച്ച ഉദാസീനതയുടെയും ഉത്തരാവാദിത്വരാഹിത്യത്തിന്റെയും ഫലമായാണ് ഇത്തരം ഒരു വിധിയുണ്ടായത്. കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കൊല്ലപ്പെട്ടതാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുന്നുണ്ട്. എന്നാൽ പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ സമർഥിക്കാൻ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും കഴിയാത്ത സാഹചര്യത്തിലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. സംസ്ഥാനം ആകെ ശ്രദ്ധിച്ച ഒരു കേസിൽ പഴുതടച്ച അന്വേഷണം നടത്താതെ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് എന്തിനു വേണ്ടി എന്നത് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരായ അക്രമ - പീഡനങ്ങൾ സംസ്ഥാനത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾ മാതൃകപരമായി ശിക്ഷിക്കപ്പെടണം. തെളിവുകൾ ഇല്ലാതാക്കി പ്രതികളെ രക്ഷപ്പെടുത്തുന്നതിലൂടെ കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ കാര്യത്തിൽ സർക്കാർ കാണിക്കുന്ന ആവേശത്തിന്റെ നൂറിലൊന്നെങ്കിലും നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ വിഷയത്തിൽ കാണിക്കാൻ ആഭ്യന്തര വകുപ്പ് മനസ്സ് വെച്ചാൽ വണ്ടിപ്പെരിയാർ കേസിൽ ഇങ്ങനെ ഒരു വിധി വരില്ലായിരുന്നു. ഇത്തരം വിഴ്ച ആദ്യത്തേതല്ല. വാളയാർ അടക്കമുള്ള അനവധി സംഭവങ്ങൾ ഉണ്ടായിട്ടും സംസ്ഥാന ആഭ്യന്തര വകുപ്പ് കാണിക്കുന്ന കുറ്റകരമായ വിഴ്ചക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നു ജബീന പറഞ്ഞു.