എന്താണ് എഫ്ഐആര്‍? എപ്പോള്‍, എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്?

എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്‍റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്

Update: 2023-08-21 06:24 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്‍റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്

പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്. പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം.

ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പോലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്. ഒപ്പിട്ടുനൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പോലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പൊലീസ് സ്റ്റേഷനിലെ ഹെൽപ് ഡെസ്കിന്‍റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.

എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പോലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്.

എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം അതിന്‍റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapolice.gov.in) നിന്ന് എഫ്‌ ഐ ആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

(കേരള പൊലീസ് ഫേസ്ബുക്കില്‍ പേജില്‍ പങ്കുവച്ചത്)

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News