'ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്, മണി ഭാഷയ്ക്ക് ഉണ്ടാക്കിയ നിഘണ്ടു തെമ്മാടി നിഘണ്ടുവാണ്, പുലയാട്ട് ഭാഷയാണ്'; സി.പി.ഐ നേതാവ് കെ.കെ ശിവരാമന്‍
മണിയുടെത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. രാഷ്ട്രീയ എതിരാളികളെ കുറിച്ച് സംസാരിക്കുമ്പോൾ അന്തസായ ഭാഷ ഉപയോഗിക്കണമെന്നും കെ.കെ ശിവരാമന്‍
തിരുവനന്തപുരം: ആനി രാജയ്ക്കെതിരായ എം.എം മണിയുടെ പ്രതികരണം അങ്ങേയറ്റം മോശമാണെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ആനി രാജ ഡൽഹിയിലല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് കെ.കെ ശിവരാമൻ ചോദിച്ചു.
ഇടതുപക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമാണ്. മനുസ്മൃതിയുടെ അനുയായികള്‍ മണിയാശാന്‍ പറയുന്നതുപോലെ പറഞ്ഞാല്‍ കുഴപ്പമില്ല. സ്ത്രീകളെ അടിമകളായി കാണുന്ന ആശയസംഹിതിയാണ് മനുസ്മൃതി. ആ മനുസ്മൃതിയുടെ ആശയപ്രചാരകരായി എം.എം മണി മാറി. എം.എം മണി ഭാഷയ്ക്ക് ഉണ്ടാക്കിയ നിഘണ്ടു തെമ്മാടി നിഘണ്ടുവാണെന്നും കെ.കെ ശിവരാമൻ ആഞ്ഞടിച്ചു.
സ്ത്രീ നേതാക്കന്മാരെ കുറിച്ച് മുൻപും മണി ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. പുലയാട്ട് ഭാഷ എം.എം മണി നിരന്തരം ഉപയോഗിക്കുന്നു. മണിയുടെത് നാട്ടുഭാഷയാണെന്നത് തെറ്റായ വ്യാഖ്യാനമാണ്. രാഷ്ട്രീയ എതിരാളികളെ കുറിച്ച് സംസാരിക്കുമ്പോൾ അന്തസായ ഭാഷ ഉപയോഗിക്കണമെന്നും മണിയെ തിരുത്താൻ സിപിഎം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വടകര എം.എല്‍.എ കെ.കെ രമക്കെതിരെ എം.എം മണി എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.
എം.എം മണിയുടെ പ്രസ്താവന അപലപനീയമാണെന്നായിരുന്നു സി.പി.ഐ നേതാവ് ആനി രാജയുടെ പ്രതികരണം. മണി പ്രസ്താവന പിൻവലിച്ചാൽ അതൊരു കമ്യൂണിസ്റ്റ് നടപടിയാകുമെന്നും ആനി രാജ പറഞ്ഞു. രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മേലുള്ള ദുരന്തങ്ങളെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമായ കാര്യമാണെന്ന് ആനി രാജ പറഞ്ഞു. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ബിനോയ് വിശ്വം എം.പിയും പ്രതികരിച്ചു.