ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം; അന്തിമ ഉഭയകക്ഷി ചര്‍ച്ച ഇന്ന്
സത്യപ്രതിജ്ഞ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറച്ചേക്കും.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇടത് മുന്നണി യോഗത്തിന് മുന്നോടിയായുള്ള അന്തിമ ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. കേരള കോണ്‍ഗ്രസ് എം അടക്കമുള്ള കക്ഷികളുമായി ചര്‍ച്ച നടക്കും. ഒരു സീറ്റില്‍ ജയിച്ച ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമുണ്ടാകുമെന്ന കാര്യത്തിലും ഇന്ന് വ്യക്തതയുണ്ടാകും.അതേസമയം സത്യപ്രതിജ്ഞ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറച്ചേക്കും.
നാളത്തെ ഇടത് മുന്നണി യോഗത്തിന് മുന്നോടിയായി മന്ത്രിസ്ഥാന വിഭജനം പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഎം. വിവിധ ഘടകക്ഷികളുമായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. സിപിഎമ്മിന് 12 ഉം സിപിഐയ്ക്ക് നാലും കേരള കോണ്‍ഗ്രസ് എം, ജെഡിഎസ്,എന്‍സിപി എന്നിവര്‍ക്ക് ഒരോ മന്ത്രിസ്ഥാനവും ഉറപ്പാണ്.
21 അംഗ മന്ത്രിസഭ രൂപീകരിക്കാനുള്ള സാധ്യതയുള്ളപ്പോള്‍ പിന്നീട് രണ്ട് മന്ത്രിസ്ഥാനമാണ് ഒഴിവുള്ളത്. ഇതിലേക്കാണ് ഒറ്റ സീറ്റില്‍ ജയിച്ച അഞ്ച് ഘടകക്ഷികളെ പരിഗണിക്കുന്നത്. എല്‍ജെഡിക്കും, കോണ്‍ഗ്രസ് എസിനും മന്ത്രിസ്ഥാനം കിട്ടിയേക്കില്ല. ഗണേഷ് കുമാര്‍, ആൻറണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇവരില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ ഇന്ന് വ്യക്തതയുണ്ടാകും.
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ആന്‍റണി രാജുവിനും, ഐഎന്‍എല്ലിനും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിട്ട് നല്‍കണമെന്ന ആലോചനകളുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. ആന്‍റണി രാജുവിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ ഐഎന്‍എല്ലിനെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് പരിഗണിക്കും.അങ്ങനെയെങ്കില്‍ മന്ത്രിസ്ഥാനത്തിന് പുറമെയുള്ള ഒരു ക്യാബിനറ്റ് പദവി ജോസ് കെ മാണിക്ക് നല്‍കിയേക്കും.
ഇന്നത്തോടെ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി നാളെ ഇടത് മുന്നണി യോഗത്തോടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കും. 20 ന് വൈകിട്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കുന്നത്. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയുള്ള സത്യപ്രതിജ്ഞയ്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്താനുള്ള സാധ്യതയുണ്ട്. 800 ലധികം പേരെ പങ്കെടുപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അത് കുറയ്ക്കും. വേദി മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.