കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എന്തുകൊണ്ടാണ് നിശബ്ദമാകുന്നത്?: വി.ഡി സതീശൻ

കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് മൃദുസമീപനത്തിന് കാരണമെന്നും പ്രതിപക്ഷ നേതാവ്

Update: 2024-03-22 14:13 GMT
Advertising

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികൾ കേരളത്തിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവർത്തിക്കുന്ന ബി.ജെ.പി കേരളത്തിൽ പിണറായി വിജയനെ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാർട്ണർഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത് -വി.ഡി സതീശൻ പോസ്റ്റിൽ ആരോപിച്ചു.

ലൈഫ് മിഷൻ കോഴയിൽ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ പോയിട്ടും മിഷൻ ചെയർമാനായ പിണറായി വിജയനെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കാൻ വിളിക്കുകയോ ചെയ്തില്ല. നിയമവിരുദ്ധമായി പണം കൈമാറിയെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി അതോറിട്ടികൾ കണ്ടെത്തിയിട്ടും മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാൻ പോലും എസ്.എഫ്.ഐ.ഒ തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരെയും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുണ്ട് -വി.ഡി സതീശൻ പറഞ്ഞു.


Full View

കരുവന്നൂർ ഇ.ഡി കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ ചോദ്യം ചെയ്തെങ്കിലും പ്രധാനികളിലേക്ക് കൂടുതൽ അന്വേഷണം ഉണ്ടായില്ലെന്നും സി.പി.എം നേതാക്കളെ സമ്മർദ്ദത്തിലാക്കി തൃശൂരിൽ അവരെ പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കള്ളക്കടത്ത് കേസിൽ ഇ.ഡിയെ മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്നും എന്നാൽ കൊടകര കുഴൽപ്പണ കേസിൽ ഇതുണ്ടായില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കുഴൽപ്പണ കേസ് ഇ.ഡിയോ ഇൻകം ടാക്സോ അന്വേഷിക്കുന്നില്ലെന്നും പറഞ്ഞു.

ബി.ജെ.പി നേതാക്കൾക്കെതിരെ തെളിവുണ്ടായിട്ടും ഏതെങ്കിലും നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തോ? കുഴൽപ്പണ കേസിൽ ജയിലിൽ പോകേണ്ട കെ. സുരേന്ദ്രനെ രക്ഷിച്ചത് പിണറായി വിജയനല്ലേ?-പ്രതിപക്ഷ നേതാവ് ചോദിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News