ശ്രീറാം വെങ്കിട്ടരാമന്‍റെ കലക്ടറായുള്ള നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം
ഭാര്യ രേണു രാജിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയ ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്‌ടറായി നിയമിച്ചത്
ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ഭാര്യ രേണു രാജിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയ ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്‌ടറായി നിയമിച്ചത്. നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
2019ൽ മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സി.പി.എമ്മിൻ്റെ ശൈലി മാറിയെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. നടപടി പിൻവലിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ആവശ്യപ്പെട്ടു.
സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈയാഴ്ച അവസാനമായിരിക്കും ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കലക്‌ടറായി ചാർജ് എടുക്കുക.