ഭാര്യയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും
വിവാഹബന്ധം വേർപെടുത്താൻ സുസ്മിത കുടുംബ കോടതിയിൽ കേസ് കൊടുത്തിരുന്നു. കോടതിയിലെ കേസുകളും പ്രതി കുമാറിൽ വിരോധത്തിന് ഇടവരുത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. പള്ളിച്ചൽ നരുവാമൂട് മുക്കട സ്വദേശി കുമാറിനെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
2016 ജൂൺ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. നേമം ശിവൻ കോവിലിനു സമീപം ചാനൽ ബണ്ടു റോഡിലാണ് കൊലപാതകം നടന്നത്. സുസ്മിതയെ ഭർത്താവ് കുമാർ കഴുത്തിലും, നെഞ്ചിലും, വയറ്റിലും മാരകമായി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. പട്ടാളത്തിൽ നിന്നും വിരമിച്ച കുമാർ സുസ്മിതക്കും മക്കൾക്കും ഒപ്പമായിരുന്നു താമസം. മദ്യപിച്ച് കുമാറിന്‍റെ ഉപദ്രവം പതിവായപ്പോൾ സുസ്മിത വീട് മാറി അച്ഛനൊപ്പം പോയി.
വിവാഹബന്ധം വേർപെടുത്താൻ സുസ്മിത കുടുംബ കോടതിയിൽ കേസ് കൊടുത്തിരുന്നു. കോടതിയിലെ കേസുകളും പ്രതി കുമാറിൽ വിരോധത്തിന് ഇടവരുത്തി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കവിതാ ഗംഗാധരൻ ആണ് പ്രതിയെ ജീവപര്യന്തം കഠിന തടവിനും 3 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചത്. പിഴ ഒടുക്കാത്ത പക്ഷം പ്രതി ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.