വർഗീയവാദികളുടെ തിണ്ണ നിരങ്ങാൻ യുഡിഎഫ് പോകില്ല: വി.ഡി സതീശൻ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ് പി.സിയുടെ അറസ്റ്റെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്
വർഗീയ വാദികളായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ യു.ഡി.എഫ് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പി.സി ജോർജിന്റെ അറസ്റ്റ് കോടതി കൃത്യമായി ഇടപെട്ടത്‌കൊണ്ടാണ് സംഭവിച്ചത്. പി.സിയെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കാൻ ആർ.എസ്.എസ്സുകാർക്ക് സർക്കാർ അവസരമൊരുക്കിയെന്നും ആദ്യം ജാമ്യം കിട്ടിയത് സർക്കാരിന്റെ പിടിപ്പുകേട്‌കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പിസി ജോർജിന്റെ വിഷയത്തിൽ മുഖ്യമന്ത്രി ഒരുപാട് ദിവസം മൗനം തുടർന്നെന്നും അദ്ദേഹത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ പി.സി ജോർജിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ് പി.സിയുടെ അറസ്റ്റെന്നും ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി 30 കൊല്ലം സിപിഎമ്മിനെ പിന്തുണച്ചു. എന്നാൽ അവരിപ്പോൾ യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയ വാദിയായി ഉയർത്തിക്കാട്ടുക്കയാണ്. പിന്തുണ പിൻവലിച്ചപ്പോഴാണ് സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമി വർഗീയ വാദികളായി മാറിയത്. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്ക് അനുമതി നൽകിയത് ആരെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നടിയുടെ ആക്രമിക്കപ്പെട്ട കേസ് സജീവ ചർച്ചയായിരിക്കുകയാണ്. അതിജീവിത തങ്ങളുടെ മകളാണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി അടക്കമുള്ള ഇടത് നേതാക്കൾ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതിജീവിത കോടതിയിൽ പോയത് യുഡിഎഫിന്റെ തലയിൽ കെട്ടിവെച്ചു. മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയതിനെ സ്വാഗതം ചെയ്യുന്നു. ശരീയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോകണം. കണ്ണിൽ എണ്ണയൊഴിച്ച് അതിജീവിതയോടൊപ്പം യുഡിഎഫ് ഉണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.