ശിവശങ്കറിന്റെ സസ്‌പെൻഷൻ നീട്ടുമോ? ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടണമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടണമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ തുടർനടപടി എന്തുവേണമെന്ന കാര്യത്തിൽ സർക്കാർ കേന്ദ്രങ്ങളിൽ ചർച്ച സജീവമാണ്.
ഐ.എ.എസ് ഉദ്യോഗസ്ഥനെ ദീർഘനാളത്തേക്ക് സസ്പെൻഷനിൽ നിർത്താനാവില്ല എന്നതും ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ എത്താത്തതും അനുകൂല തീരുമാനം എടുക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്.
എന്നാൽ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്താലുള്ള പ്രതിപക്ഷ പ്രതിഷേധവും സർക്കാർ ആലോചിക്കുന്നുണ്ട്. സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്പെന്‍ഷനിലേക്കു നയിച്ചത്.
ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.