പേവിഷബാധ വൈറസിന് ജനിതകമാറ്റമുണ്ടായോ എന്ന് പരിശോധിക്കും: വീണാ ജോർജ്
സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി
തിരുവനന്തപുരം: പേവിഷബാധക്ക് കാരണമായ വൈറസിന് ജനിതക മാറ്റമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരിൽ വാക്സിനും സിറവും സ്വീകരിച്ചവരുമുണ്ട് . സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് പെരുന്നാട്ടിലെ വീടിന് സമീപത്ത് വച്ച് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിരാമിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
എന്നാൽ കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടും മോശമാകുകയും ഇന്ന് ഉച്ചയോടെ മരിക്കുകയും ചെയ്തു. കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ പെരുനാട്ടിലെ ആശുപത്രിക്ക് വീഴ്ച പറ്റിയതായി മാതാപിതാക്കൾ ആരോപിച്ചു. അഭിരാമിയുടെ മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജിൽ നിന്നും റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ എത്തിച്ചു. വിദേശത്തുള്ള ബന്ധുക്കളെത്തിയ ശേഷം മറ്റന്നാളാവും സംസ്കാര ചടങ്ങുകൾ നടത്തുക.