തലയിണക്കടുത്ത് വെച്ച സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു; ഉറങ്ങിക്കിടന്ന യുവതിക്ക് ദാരുണാന്ത്യം
സംഭവം ശ്രദ്ധിയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ഷമോമി
ന്യൂഡൽഹി: ഉറങ്ങുമ്പോൾ തലയ്ണക്കരികിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡൽഹി-എൻസിആർ മേഖലയിലാണ് സംഭവം. ടെക് യൂട്യൂബറാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. റെഡ്മി 6എ സ്മാർട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചതെന്നും മഞ്ജീത് എന്ന യൂട്യൂബർ അവകാശപ്പെട്ടു. കത്തിക്കരിഞ്ഞ സ്മാർട്ട്‌ഫോണിന്റെ ചിത്രങ്ങളും അയാൾ പങ്കുവെച്ചിട്ടുണ്ട്. ഫോണിന്റെ മുൻഭാഗവും പിൻഭാഗവുമെല്ലാം കത്തിപ്പോയിട്ടുണ്ട്. കട്ടിലിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീയുടെ ചിത്രവും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഇന്നലെ രാത്രിയിൽ എന്റെ ആന്റി മരിച്ചതായി കണ്ടെത്തി. അവർ റെഡ്മി 6എ ഉപയോഗിക്കുന്നയാളാണ്. ഉറങ്ങുമ്പോൾ ഫോൺ തലയിണയുടെ വശത്താണ് വെച്ചിരുന്നത്. ഈ ഫോൺ പൊട്ടിത്തെറിക്കുകയും ചെയ്തു. ഞങ്ങൾക്ക് ഇത് ഒരു മോശം സമയമാണ്. പിന്തുണയ്ക്കേണ്ടത് ഒരു ബ്രാൻഡിന്റെ ഉത്തരവാദിത്തമാണ്' അദ്ദേഹം ട്വീറ്റ് ചെയ്തു.
'പാവപ്പെട്ട കുടുംബമാണ് അവരുടേത്. മകൻ ഇന്ത്യൻ ആർമിയിലാണ്. അവർക്ക് ഫോണിനെ കുറിച്ചൊന്നും വലിയ അറിവില്ല. യൂട്യൂബ് കാണുന്നതിനും വേണ്ടി മാത്രമാണ് അവൾ ഫോൺ ഉപയോഗിക്കുന്നതെന്നും ഹരിയാനയിൽ നിന്നുള്ള യൂട്യൂബർ പോസ്റ്റില്‍ പറയുന്നു.
അതേസമയം, സംഭവം ശ്രദ്ധിയിൽപെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും മൊബൈൽ കമ്പനിയായ ഷമോമി മറുപടി നൽകി. 'ഷിയോമി ഇന്ത്യയിൽ ഉപഭോക്തൃ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഞങ്ങൾ അത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ ടീം മരിച്ച സ്ത്രീയുടെ കുടുംബവുമായി ബന്ധപ്പെടാനും സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു.