'മുസ്‌ലിം സ്ത്രീകൾ അന്യപുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്ന വിഷയത്തിൽ നിലപാടുമാറ്റമില്ല'; മർകസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നടപടിയെടുക്കുമെന്ന് സമസ്ത
താമരശ്ശേരി കൈതപ്പൊയിലിൽ സ്ഥിതി ചെയ്യുന്ന മർകസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17-19 തിയതികളായിരുന്നു ഉച്ചകോടി
കോഴിക്കോട്: മർകസ് നോളജ് സിറ്റി സംഘടിപ്പിച്ച കാലാവസ്ഥാ ഉച്ചകോടിയിലെ വനിതാ പങ്കാളിത്തത്തിൽ പ്രതികരിച്ച് സമസ്ത എ.പി വിഭാഗം. മുസ്‌ലിം സ്ത്രീകൾ അന്യപുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്ന വിഷയത്തിൽ പഴയ നിലപാടുകളിൽ ഒരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ പ്രസ്താവനയിൽ വ്യക്തമാക്കി. സംഘാടകരോട് വിശദീകരണം തേടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മുസ്‌ലിം സ്ത്രീകൾ അന്യപുരുഷന്മാരുമായി ഇടകലർന്ന് വേദി പങ്കിടുന്ന വിഷയത്തിൽ സമസ്തയും സുന്നി പ്രസ്ഥാനവും നേരത്തെ സ്വീകരിച്ചുവരുന്ന നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. കഴിഞ്ഞ ദിവസം മർകസ് നോളജ് സിറ്റിയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സമസ്തയുടെയും സുന്നി പ്രസ്ഥാനത്തിന്റെയും നയങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായി നടന്ന വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം തേടി ഉചിതമായ നടപടി സ്വീകരിക്കും- പ്രസ്താവനയിൽ അറിയിച്ചു.
താമരശ്ശേരി കൈതപ്പൊയിലിൽ സ്ഥിതി ചെയ്യുന്ന മർകസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17-19 തിയതികളായിരുന്നു ഉച്ചകോടി. ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാഷ്ട്രങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഈജിപ്തിലെ കെയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗുമായി സഹകരിച്ചാണ് മർകസിന്റെ ആഭിമുഖ്യത്തിൽ പരിപാടി നടന്നത്. ഇതാദ്യമായാണ് ഒരു അറബ് ഇതര രാഷ്ട്രം ഉച്ചകോടിക്ക് വേദിയാകുന്നത്.
പരിപാടിയിലെ വനിതാ പങ്കാളിത്തത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം വ്യാപക ചർച്ച നടന്നിരുന്നു. വനിതാ പ്രാതിനിധ്യത്തെ ഒരുവിഭാഗം അനുകൂലിക്കുമ്പോൾ പരമ്പരാഗത രീതിക്ക് ചേർന്ന നിലപാടല്ല ഇതെന്ന് മറുവിഭാഗം പറയുന്നു. സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കണിശമായി പിന്തുടരുന്ന വിഭാഗമാണ് സമസ്ത ഗ്രൂപ്പുകൾ. ഇരു വിഭാഗത്തിന്റെയും നിയന്ത്രണത്തിലുള്ള പള്ളികളിൽ സ്ത്രീകൾ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാറില്ല. സ്ത്രീകൾക്കു മാത്രമായുള്ള പരിപാടികളിലാണ് വനിതാ പ്രഭാഷകർ പ്രസംഗിക്കാറുള്ളത്. എന്നാൽ, മർകസ് നോളജ് സിറ്റി പരിപാടിയിൽ വേദിയിലും സദസിലും പുരുഷന്മാർക്കൊപ്പം ഒരേ വേദിയിലായിരുന്നു സ്ത്രീകൾ പങ്കെടുത്തത്.
ഉച്ചകോടിയിൽ മർകസ് നോളജ് സിറ്റി സഹസ്ഥാപകനും ജാമിഅ മർകസ് റെക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി വനിതാ പ്രതിനിധിക്കൊപ്പം വേദി പങ്കിട്ടതിന്റെ ചിത്രങ്ങളും പുറത്തുവന്നു. സദസ്സിൽ പുരുഷ പ്രതിനിധികൾക്കൊപ്പം സ്ത്രീകൾ ഇരിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നത്.
Summary: ''Action will be taken after seeking an explanation from the organizers on the women's participation in the climate summit organized by Markaz Knowledge City'', Samasta Kerala Jamiyyathul Ulama President E. Sulaiman Musliyar informed in a statement