ചെലവ് രണ്ട് ലക്ഷത്തിലേറെ; ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വഴിയില്ലാതെ കായിക താരങ്ങള്‍
റൊമേനിയയില്‍ വച്ച് നടക്കുന്ന ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് അഞ്ച് പേര്‍. ഇതില്‍ നാല് പേരും മലയാളികളാണ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങി കായിക താരങ്ങള്‍. റൊമേനിയയില്‍ വച്ച് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപയിലേറെ വേണം. അടുത്ത മാസം 24 മുതല്‍ ഓഗസ്റ്റ് 3 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.
റൊമേനിയയില്‍ വച്ച് നടക്കുന്ന ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് അഞ്ച് പേര്‍. ഇതില്‍ നാല് പേരും മലയാളികള്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ അനഘ ജസ്റ്റിനും നിഖിതയും എങ്ങനെ ചാമ്പ്യന്‍ഷിപ്പിന് പോകുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി നടന്ന നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത ഇരുവര്‍ക്കും റൊമേനിയയ്ക്ക് പോകാനുള്ള സാമ്പത്തിക ചുറ്റുപാട് ഇല്ല. ലോക ചാമ്പ്യന്‍ഷിപ്പിന് പോകാന്‍ യാത്രാചെലവ് ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ വേണം. ഇത് എങ്ങനെ കണ്ടെത്തുമെന്ന് ഇവര്‍ക്കറിയില്ല.
പവര്‍ലിഫ്റ്റിങ് മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ അനഘയും നിഖിതയും സ്വന്തമാക്കിയിട്ടുണ്ട്. അനഘ ജസ്റ്റിൻ 76 കിലോ വിഭാഗത്തിലും നിഖിത 84 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് അസോസിയേഷനോ സര്‍ക്കാരോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. നെടുമങ്ങാട് നഗരസഭയുടെ ബാലകൃഷ്ണൻ നായർ മെമ്മോറിയൽ ജിംനേഷ്യത്തില്‍ സൌജന്യമായിട്ടാണ് രണ്ടു പേരുടെയും പരിശീലനം.