കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മലയോര മേഖലകളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അതിനിടെ മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷിനെയാണ് കാണാതായത്. ഇന്നലെയാണ് കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ കല്ലും മണ്ണും പതിച്ച് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിൽ പെട്ട വാഹനം തള്ളി നീക്കാനുള്ള ശ്രമത്തിനിടെയാണ് രൂപേഷിനെ കാണാതാകുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്തിയിരുന്നു. രാവിലെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തും.