മഞ്ഞപ്പിത്തം; 'മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചത് 4000 പേർക്ക്, മാനദണ്ഡങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണം'; ഡിഎംഒ
മലപ്പുറം നഗരസഭ പരിധിയിലും പൂക്കോട്ടൂർ പഞ്ചായത്തിലും രോഗികളുടെ എണ്ണം കൂടുതലാണെന്നും മലപ്പുറം ഡി.എം.ഒ ഡോ.രേണുക പറഞ്ഞു.
മലപ്പുറം: ജനുവരി മുതൽ ഇത് വരെ മലപ്പുറം ജില്ലയിൽ 4000 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്ന് മലപ്പുറം ഡി.എം.ഒ ഡോ.രേണുക. എട്ട് മരണവും സ്ഥിരീകരിച്ചു. നിലവിൽ അറുനൂറോളം രോഗികളാണ് ഉള്ളത്. നിലമ്പൂർ കൂടാതെ മലപ്പുറം നഗരസഭ പരിധിയിലും പൂക്കോട്ടൂർ പഞ്ചായത്തിലും രോഗികളുടെ എണ്ണം കൂടുതലാണെന്നും ഹോട്ടലുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്നും ഡി.എം.ഒ പറഞ്ഞു.
അതേസമയം, മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നൽകുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഞ്ഞപിത്തം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.
മഴക്കാലം കൂടി അടുത്തതോടെ പകർച്ചവ്യാധികൾ തടയാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തത്തിന് ഒപ്പം പനിയും മറ്റ് അനുബന്ധ അസുഖങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.