ഭാര്യവീട്ടിൽ യുവാവ് മരിച്ച സംഭവം; കൊലപാതകമാണെന്ന പരാതിയുമായി ബന്ധുക്കള്‍
അഷ്‍കറിന് ഭാര്യവീട്ടിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നതായും മരണത്തെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഭാര്യ വീട്ടുകാർ പറയുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു
ആലപ്പുഴ മുതുകുളത്ത് ഭാര്യവീട്ടിൽ യുവാവ് മരിച്ചത് കൊലപാതകമാണെന്ന പരാതിയുമായി ബന്ധുക്കൾ. അഷ്‍കറിന് ഭാര്യവീട്ടിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നതായും മരണത്തെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഭാര്യ വീട്ടുകാർ പറയുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് അഷ്‍കറിന്‍റെ കുടുംബം. കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട സ്വദേശിയായ അഷ്കറിനെ ഭാര്യയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ സിഗരറ്റ് വലിക്കാനായി പുറത്തിറങ്ങിയ അഷ്കർ മരിച്ച് കിടക്കുന്നത് കണ്ടുവെന്നാണ് ബന്ധുക്കളോട് ഭാര്യയുൾപ്പടെയുള്ളവർ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ തൂങ്ങി മരണമാണെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകമാണോ എന്ന സംശയം ബന്ധുക്കൾക്ക് ഉണ്ടായത്.
ഭാര്യവീട്ടിൽ നിൽക്കാൻ സാധിക്കില്ലെന്നും തിരിച്ച് വീട്ടിലേക്ക് വരണമെന്നും മരിക്കുന്നതിന് മുന്‍പ് അഷ്കര്‍ വിളിച്ച് പറഞ്ഞിരുന്നു. അഷ്കറിന്‍റെ ശരീരത്തിൽ ഉണ്ടായ പാടുകളും സംശയം ഉണ്ടാക്കുന്നതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.