നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം അവസാനിപ്പിക്കാന്‍ പി ശശി ഇടപെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

'അന്വേഷണത്തിൽ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിനിർത്തി'

Update: 2022-05-22 04:05 GMT
Advertising

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ഇടപെടല്‍ കാരണമെന്ന് യൂത്ത് കോൺഗ്രസ്. അന്വേഷണത്തിൽ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിനിർത്തിയെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ആരോപിച്ചു. അതിജീവിതക്ക് നീതി ലഭിക്കുമെന്ന് ഉറപ്പില്ല. അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടിയാണ് പിണറായി സർക്കാർ വീശുന്നതെന്ന് നുസൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

നടി ആക്രമിക്കപ്പെട്ട കേസ് അവസാനിപ്പിക്കാനുള്ള നീക്കം പി ശശിയുടെ ഇടപെടലിന്റെ പ്രതിഫലനമാണ്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ അന്വേഷണത്തിൽ കിട്ടിയ തെളിവുകളെല്ലാം ഫ്രീസറിലാക്കി ഈ കേസിന്റെ അന്വേഷണത്തിന് മാന്യമായി മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സംശയമന്യേ മാറ്റിനിർത്തി പ്രതികളെ രക്ഷപ്പെടാൻ സഹായിക്കാനുള്ള ഈ തന്ത്രം പി ശശിയുടേതല്ലാതെ മറ്റാരുടേതുമല്ല. "പണത്തിനുമീതെ പരുന്തും പറക്കില്ല" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന ഭരണമാണ് ഇപ്പോൾ നടക്കുന്നത്. ജുഡീഷ്യറിയെപ്പോലും കളങ്കിതമാക്കുന്ന സമീപനങ്ങൾ പോലും ഈ കേസിനിടയിൽ കാണാൻ കഴിഞ്ഞു. പ്രോസിക്യൂട്ടർമാർ വിഷമത്തോടെ ഈ ദൗത്യത്തിൽ നിന്നും പിന്മാറുന്നതും കണ്ടു. അതിജീവിതക്ക് നീതി ലഭിക്കും എന്ന് ഒരു ഉറപ്പും ആർക്കും നൽകാൻ ആകില്ല. കേരളത്തിൽ ഒട്ടനവധി അതിജീവിതമാരെ സൃഷ്ടിക്കാനുള്ള പച്ചക്കൊടി വീശാൻ പിണറായി ഗവൺമെന്റ് തയ്യാറായിരിക്കുന്നു. ഈ കേസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചില തെളിവുകൾ കോടതിയിൽ നിന്നും ചോർന്നിട്ടുണ്ട്. അപ്പോൾ കോടതിയെ വിശ്വസിക്കാൻ കഴിയുമോ? പ്രോസിക്യൂട്ടർമാർ സ്വയം പിന്മാറിയത് എന്തുകൊണ്ട്? ഇതുവരെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ആരുടെ താല്പര്യം സംരക്ഷിക്കാൻ? അന്വേഷണത്തിന്റെ അവസാനഘട്ടം മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ സർക്കാരിന്റെ താത്പര്യം വ്യക്തമാണ്.  ഇത്രയേറെ ശക്തരായ പ്രതികൾ എത്ര കോടിക്കായിരിക്കും ഇവരെ വിലക്ക് വാങ്ങിയിരിക്കുക?

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News