കെ.വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധം
വിദ്യയെ ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം
കോഴിക്കോട്: കെ. വിദ്യ ഒളിച്ചു താമസിച്ച മേപ്പയൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധം. മേപ്പയൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് കോൺഗ്രസ് ആദ്യം പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ പേരാമ്പ്ര വടകര റോഡിലെ പന്നിമുക്ക്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചു. വിദ്യയെ ഒളിച്ചു താമസിക്കാൻ പൊലീസ് സൗകര്യമൊരുക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
വിദ്യയെ അറസ്റ്റ് ചെയ്തിട്ടും പോലീസ് വിവരങ്ങള്‍ മറച്ചുവെച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധധര്‍ണ നടത്തി.കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് ഉദ്ഘാടനംചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എടവന റിഞ്ചുരാജ് അധ്യക്ഷത വഹിച്ചു.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത കെ വിദ്യയെ അർധ രാത്രിയോടെ അഗളി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. വ്യാജ രേഖ നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യ. കോൺഗ്രസ്സ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതെന്നും വിദ്യ മൊഴി നൽകി.