കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം; ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനവിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
മന്ത്രി ആര്‍ ബിന്ദുവിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇക്കാര്യം പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടലാണ് നടന്നതെന്നും ബിന്ദുവിന്റെ ഇടപെടൽ വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, വിസിയുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ഇതോടെ കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. എന്നാല്‍, നാളെ തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.