'ഈ അതിവേഗം ആര്‍ക്കുവേണ്ടി?' കെ റെയിലിനെതിരെ സിപിഐ അനുകൂല സാംസ്കാരിക സംഘടന
ഉയര്‍ന്ന ക്ലാസ്സില്‍ മാത്രം ചെയ്യാന്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം കോടി വരെ മുതല്‍മുടക്കി അതിവേഗ റെയില്‍പാത നിര്‍മിക്കുന്ന കാര്യം പുനപ്പരിശോധിക്കണമെന്ന് യുവകലാസാഹിതി
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി. ഈ അതിവേഗം ആര്‍ക്കുവേണ്ടി എന്നാണ് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ ചോദ്യം. ഉയര്‍ന്ന ക്ലാസ്സില്‍ മാത്രം ചെയ്യാന്‍ കഴിയുന്നവര്‍ക്കായി ഒരു ലക്ഷം കോടി വരെ മുതല്‍മുടക്കി അതിവേഗ റെയില്‍പാത നിര്‍മിക്കുന്ന കാര്യം പുനപ്പരിശോധിക്കണമെന്ന് യുവകലാസാഹിതി പ്രസ്താവനയിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
675 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തീവണ്ടിയില്‍ കയറാന്‍ ഭൂരിപക്ഷം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത തേര്‍ഡ് എ.സി നിരക്ക് നല്‍കണം. ഇതിനായി പതിനായിരങ്ങള്‍ കുടിയൊഴിക്കപ്പെടും. തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളാലും കോവിഡ് മൂലവും പാപ്പരായ കേരളത്തിന് പദ്ധതി ചെലവിന്‍റെ 28 ശതമാനം വിഹിതം വഹിക്കാനാകുമോ എന്നും ആലോചിക്കണമെന്ന് യുവകലാസാഹിതി ആവശ്യപ്പെടുന്നു. ബദല്‍ എന്ന നിലയില്‍ തെക്കു വടക്ക് റെയില്‍പ്പാത ഇരട്ടിപ്പിക്കലും അതിലൊന്ന് ഫാസ്റ്റ് ട്രാക്ക് ആക്കുന്നതും പരിഗണിക്കണം. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്തേണ്ടവര്‍ക്കായി തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മംഗലാപുരം വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാമെന്നും യുവകലാസാഹിതി നിര്‍ദേശിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതെയും പരിസ്ഥിതി ആഘാത പഠനം നടത്താതെയും വലിയ തോതില്‍ പ്രകൃതി നശീകരണത്തിനും ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും ഇടയാക്കുന്ന അതിവേഗ റെയില്‍ പദ്ധതിയുമായി ഒരു കാരണവശാലും മുന്നോട്ടുപോകരുതെന്നും സംഘടന ആവശ്യപ്പെട്ടു.
നേരത്തെ സിപിഐ സംസ്ഥാന കൗൺസിലിലും കെ റെയിലിനെതിരെ വിമർശനമുയരുകയുണ്ടായി. കോവിഡ് പ്രതിസന്ധിയിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ റെയിലിന് അല്ലെന്നായിരുന്നു വിമർശനം. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ്. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിത്. പദ്ധതിയെ അനുകൂലിച്ച് സിപിഐയുടെ മേൽവിലാസം തകർക്കരുതെന്നും കൗൺസിലിൽ ആവശ്യമുയർന്നു. നമ്മളായി പദ്ധതിയെ തകർത്തു എന്ന് വരുന്നത് ആശാസ്യമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. എൽഡിഎഫ് പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ലെന്നും കാനം മറുപടി നല്‍കി.