പരിചയമില്ലാത്തവരുടെ ഹാൻഡ് ബാഗുകൾ സ്വീകരിക്കരുത്; വിമാനയാത്രികര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് കസ്റ്റംസ്​ വിഭാഗം

ഇത്തരം ഹാൻഡ് ബാഗുകളിൽ നിരോധിത വസ്​തുക്കൾ ഉണ്ടായാൽ നടപടി നേരിടേണ്ടി വരിക യാത്രക്കാരനായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Update: 2018-07-06 02:03 GMT
Advertising

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവർ പരിചയമില്ലാത്തവരുടെ ഹാൻഡ് ബാഗുകൾ സ്വീകരിക്കരുതെന്ന് ജനറൽ കസ്റ്റംസ് വിഭാഗം നിർദേശിച്ചു. ഇത്തരം ഹാൻഡ് ബാഗുകളിൽ നിരോധിത വസ്തുക്കൾ ഉണ്ടായാൽ നടപടി നേരിടേണ്ടി വരിക യാത്രക്കാരനായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വിമാനത്താവളത്തിലെ കസ്റ്റംസ് നടപടികൾ വിലയിരുത്തിയ ശേഷം ജനറൽ കസ്റ്റംസ് ഡയറക്ടർ വലീദ് അൽ നാസർ ആണ് ഇക്കാര്യം പറഞ്ഞത്. കുറച്ചുനേരത്തേക്ക്പോലും അന്യരുടെ ബാഗുകൾ സ്വീകരിക്കുന്നത് ഒഴിവാക്കണം. ആർക്കെങ്കിലും നൽകണമെന്ന് പറഞ്ഞേൽപ്പിക്കുന്ന ഹാൻഡ് ബാഗുകളിൽ മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കൾ ഉണ്ടായേക്കാം. മയക്കുമരുന്ന് കടത്തിന് സാധാരണ യാത്രക്കാരെ ഉപയോഗപ്പെടുത്തുന്ന മാഫിയകളുണ്ട്. ഇവരുടെ കെണിയിൽപ്പെട്ട് പിടിക്കപ്പെട്ടാൽ കസ്റ്റംസിന് മുന്നിലും നിയമത്തിന് മുന്നിലും യാത്രക്കാരായിരിക്കും ഉത്തരവാദികളാവുക.

10000 ഡോളറോ അതിന് തുല്യമായ പ്രാദേശിക നോട്ടുകളോ കൈവശം വെക്കുന്ന യാത്രക്കാർ ആ വിവരം പരിശോധന സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കസ്റ്റംസ് ഡയറക്ടർ നിർദേശിച്ചു. പിടിക്കപ്പെട്ടാൽ അനധികൃത ഹവാല കടത്തിനും പണം വെളുപ്പിക്കലിനും നിയമ നടപടികൾ നേരിടേണ്ടിവരും. ഈ വർഷം ആറ് മാസത്തിനിടെ നിരോധിത സാധനങ്ങൾ കടത്താനുള്ള 46 ശ്രമങ്ങൾ പിടികൂടിയിട്ടുണ്ട്. മധ്യവേനൽ തിരക്ക് കണക്കിലെടുത്ത് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കുന്നതിനായി 45 വനിതകളടക്കം 190 ഉദ്യോഗസ്ഥർ സേവനം ചെയ്യുന്നതായും വലീദ് അൽ നാസർ കൂട്ടിച്ചേർത്തു.

Tags:    

Similar News