കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു; ഇഷ്ബിലിയയിൽ 18 പേർ പിടിയിൽ
1,353 ട്രാഫിക് ലംഘനങ്ങളും കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഇഷ്ബിലിയ പ്രദേശത്ത് നടന്ന പരിശോധന ക്യാമ്പയിനിൽ വിവിധ കേസുകളിലായി 18പേരെ പൊലീസ് പിടികൂടി. കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ മേൽനോട്ടത്തിലായിരുന്നു ക്യാമ്പയിൻ സംഘടിപ്പിച്ചത്. 1,353 ട്രാഫിക് ലംഘനങ്ങളും പരിശോധനക്കിടയിൽ കണ്ടെത്തി. ഗതാഗത നിയമലംഘനത്തിന് നാല് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട ഏഴ് വാഹനങ്ങളും പിടിച്ചെക്കുകയും ചെയ്തു.
താമസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഏഴുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ കാണാതായ ഒമ്പത് പേരെയും കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് ഒരാളെയും അസ്വാഭാവികാവസ്ഥയിൽ കണ്ടെത്തിയ മറ്റൊരു വ്യക്തിയെയും പരിശോധനക്കിടെ പിടികൂടി. അറസ്റ്റ് വാറണ്ടുള്ള നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുവൈത്തിലുടനീളം സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനാ ക്യാമ്പയിനുകൾ.