മലക്കം മറിഞ്ഞ് സിപിഎം: വിവിപാറ്റ് മെഷീന്‍ സുരക്ഷിതം, ബാലറ്റ് പേപ്പറിലേക്ക് മടങ്ങേണ്ട 

ബാലറ്റ് പേപ്പര്‍ സംവിധാനം തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നും പി.ബി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കില്ലെന്നുമാണ് സിപിഎം നിലപാട്.

Update: 2018-08-04 03:40 GMT
Advertising

വോട്ടിംഗ് മെഷീനില്‍ നിന്നും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തില്‍ മലക്കം മറിഞ്ഞ് സിപിഎം. ബാലറ്റ് പേപ്പറിലേക്ക് മടങ്ങേണ്ടെന്ന‌് പോളിറ്റ് ബ്യൂറോയോഗത്തില്‍ ധാരണയായതായി സൂചന. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും വിവി പാറ്റ് സുരക്ഷിതമാണെന്നാണ് ‌പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സിപിഎം ഉള്‍പ്പടെയുള്ള 18 പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ‌ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ന് തുടങ്ങിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഈ നിലപാടില്‍ നിന്നും മാറി നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും വിവി പാറ്റ് സുരക്ഷിതമാണെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.

Full View

ഈ സാഹചര്യത്തില്‍ എല്ലാ പോളിംഗ് ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നതിലൂടെ തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ സുതാര്യത വേണമെന്നും സിപിഎം ആവശ്യപ്പെടുന്നുണ്ട്. നാളെ അവസാനിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.

വോട്ടിംഗ് മെഷീന് എതിരെ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിരുന്നത്.

Tags:    

Similar News