ഇഖാമ പുതുക്കാന്‍ വാടക കരാര്‍, കമ്പനികള്‍ നടപടി തുടങ്ങി
തൊഴില്‍ സാമൂഹിക മന്ത്രാലയവും പാര്‍പ്പിട കാര്യമന്ത്രാലവുമാണ് ഇഖാമയും വാടക കരാറും ബന്ധിപ്പിക്കാന്‍ ധാരണയില്‍ എത്തിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു
വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് മുന്നോടിയായി വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗദി അറേബ്യയിലെ കമ്പനികള്‍ നടപടി തുടങ്ങി. ഇഖാമ പുതുക്കാന്‍ ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍പ്പിട വാടക കരാര്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ അടുത്തമാസം മുതലാണ് പ്രാബല്യത്തിലാവുക. നിശ്ചിത സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തായാക്കാന്‍ കഴിയാതിരുന്നതാല്‍ പിഴ അടക്കേണ്ടി വരും.
തൊഴില്‍ സാമൂഹിക മന്ത്രാലയവും പാര്‍പ്പിട കാര്യമന്ത്രാലവുമാണ് ഇഖാമയും വാടക കരാറും ബന്ധിപ്പിക്കാന്‍ ധാരണയില്‍ എത്തിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ വിവിധ കമ്പ നികള്‍ തുടങ്ങി.
ബലി പെരുന്നാള്‍ അവധിയടക്കം നാലാഴ്ച്ചയാണ് ബാക്കിയുള്ള സമയം. ഇഖാമ പുതുക്കാനുള്ളവര്‍ ഈജാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇഖാമ പുതുക്കാന്‍ കഴിയാതെ പിഴ അടക്കേണ്ടിവരും. കമ്പനിക്ക് കീഴിലല്ലാതെ ഉടമകളില്‍നിന്ന് നേരിട്ട് റൂമെടുത്ത് താമസിക്കുന്നവര്‍ ഉടമയുമായി ബന്ധപ്പെടണം. ശേഷം അംഗീകൃത റിയല്‍ എസ്‌റ്റേറ്റ് ഓഫീസുകള്‍ വഴി ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം.
അംഗീകൃത റിയല്‍ എസ്‌റ്റേറ്റ് ഓഫീസ് നടത്തിപ്പുകാരനോ ജീവനക്കാരനോ ആയ കെട്ടിട ഉടമകള്‍ക്ക് മാത്രമേ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാനാവുകയുള്ളൂ. വാടകക്കാരന് ഈജാറില്‍ രജിസ്റ്റര്‍ ചെയ്യാനുമാവില്ല. അതായത് വ്യക്തികളുടെ ഭാഗം അവര്‍ നേരിട്ട് പൂര്‍ത്തിയാക്കണമെന്ന് ചുരുക്കം. റിയല്‍ എസ്‌റ്റേറ്റ് മേഖല സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.