"അദ്ദേഹമില്ലായിരുന്നെങ്കിൽ അറിയപ്പെടാത്ത ലക്ഷങ്ങളിൽ ഒരുവനായി ഞാൻ...' - സതീഷ് നമ്പൂതിരിയെ സ്മരിച്ച് ജി.എസ് പ്രദീപ്
പിറകിലിരുന്നു ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു മെലിഞ്ഞ മനുഷ്യൻ എന്റെ തോളിൽ തട്ടി ചോദിച്ചു, "ഞാൻ വിചാരിക്കുന്ന പേരുകൾ കണ്ടെത്താൻ കഴിയുമോ" എന്ന്.. "ശ്രമിക്കാം.." എന്ന് എന്റെ മറുപടി...
'അശ്വമേധം' ടി.വിയിലെത്തിച്ച സതീഷിനെ ഓർത്ത് ജി.എസ് പ്രദീപ്
'അശ്വമേധം' എന്ന വൈജ്ഞാനിക പരിപാടി ടെലിവിഷനിലൂടെ ലക്ഷക്കണക്കിനു മലയാളികൾക്കു മുന്നിലെത്താൻ കാരണക്കാരനായ ഡോക്യുമെന്ററി സംവിധായകൻ സതീഷ് നമ്പൂതിരിയെ സ്മരിച്ച് അവതാരകൻ ജി.എസ് പ്രദീപ്. ദൂരദർശൻ, കൈരളി ടി.വി, സിഡിറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന കൊയിലാണ്ടി സ്വദേശിയായ സതീഷ് ഞായറാഴ്ചയാണ് അന്തരിച്ചത്.
23 വർഷം മുമ്പ് തിരുവനന്തപുരത്തെ ഒരു റസ്റ്റോറന്റിൽ വെച്ചാണ് കൈരളി ടി.വി സീനിയർ പ്രൊഡ്യൂസറായിരുന്ന സതീഷ് നമ്പൂതിരി തന്നെ 'കണ്ടെത്തിയതെ'ന്നും തന്റെ ജീവിതത്തിൽ വിധിയുടെ മനോഹരമായ കൈയൊപ്പ് ചാർത്തിയത് അദ്ദേഹമാണെന്നും പ്രദീപ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ വിധി.., അല്ലെങ്കിൽ നിയോഗം ഒരു കയ്യൊപ്പ് ചാർത്തുന്ന നിമിഷമുണ്ട്.. ആ നിമിഷത്തിന് കാരണക്കാരാകുന്നത് അവിചാരിതമായി ജീവിതവഴിയിൽ കടന്നുവരുന്ന മാലാഖമാരുടെ സാന്നിധ്യവുമാണ്..
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു സായാഹ്നം.. തലസ്ഥാനത്തിലെ ഒരു റെസ്റ്റോറന്റിൽ സുഹൃത്തിനോടൊപ്പം മനസ്സിൽ വിചാരിച്ച വ്യക്തിയെ കണ്ടുപിടിക്കുന്ന ഒരു കളിയിൽ ഏർപ്പെട്ട് വൈകുന്നേരം തള്ളിനീക്കുകയായിരുന്നു ഞാൻ.. പിറകിലിരുന്നു ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു മെലിഞ്ഞ മനുഷ്യൻ എന്റെ തോളിൽ തട്ടി ചോദിച്ചു, "ഞാൻ വിചാരിക്കുന്ന പേരുകൾ കണ്ടെത്താൻ കഴിയുമോ" എന്ന്.. "ശ്രമിക്കാം.." എന്ന് എന്റെ മറുപടി.. അയാൾ വിചാരിച്ച കുറിയേടത്തു താത്രിയെയും, മിഖായേൽ ഷോളോകോവിനെയും, കോയിത്താറ്റിൽ ചിരുകണ്ടനെയുമൊക്കെ ഞാൻ കണ്ടെത്തിയപ്പോൾ ആഹ്ലാദത്തോടെ അയാൾ എന്നെ കെട്ടിപ്പിടിച്ചു.. എന്റെ ഫോൺ നമ്പർ, വിലാസം എന്നിവ ചോദിച്ചു വാങ്ങി.. എന്നിട്ട് സ്വയം പരിചയപ്പെടുത്തി; "ഞാൻ സതീഷ് നമ്പൂതിരി.. കൈരളി ടിവിയുടെ സീനിയർ പ്രൊഡ്യൂസറാണ്.." കൈരളി തുടങ്ങിയ കാലമാണ്. രണ്ടുമൂന്നാഴ്ചകൾ കഴിഞ്ഞപ്പോൾ കൈരളിയിലേക്ക് ശ്രീ സതീഷ് എന്നെ ക്ഷണിക്കുകയും അവിടെ വച്ച് കൈരളി ടി വിയുടെ ചെയർമാനും മഹാനടനുമായ ശ്രീ. മമ്മൂട്ടിയെ കാണുകയും അദ്ദേഹവുമായി ഇതേ കളി കളിക്കുകയും ചെയ്തു. അങ്ങനെയൊക്കെയാണ് അശ്വമേധം എന്ന് പരിപാടി ആരംഭിച്ചത്..
ഇത് ഞാൻ പല ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുള്ളതാണ്.. ഇന്നിപ്പോ, ലോകമാസകലം ഒരുപാട് രാജ്യങ്ങളിൽ അശ്വമേധം അവതരിപ്പിക്കുമ്പോഴൊക്കെ ശ്രീ. സതീഷ് നമ്പൂതിരിയെ ഞാൻ അനുസ്മരിക്കാറുണ്ട്. ജീവിതത്തിന്റെ കുത്തൊഴുക്കിൽ പലരും പല വഴിക്ക് അകന്നുപോയി.. കൈരളിയിൽ നിന്നും സതീഷ് നമ്പൂതിരി മറ്റ് പല ചാനലുകളിലേക്കും സഞ്ചരിച്ചു.. ദീർഘകാലം അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല..
ഇക്കഴിഞ്ഞ മാർച്ചു മാസം ഇരുപത്തിയാറാം തിയതി, കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ ഉന്നത അധികാര സമിതി "തേക്കിൻകാട് ഫെസ്റ്റിവൽ" എന്ന പേരിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ ഒരു മേള നടത്തി.. അതിന്റെ പ്രധാന ഇനങ്ങളിൽ ഒന്ന്, 'അറിവുത്സവം' എന്ന പേരിൽ ഞാൻ നടത്തിയ വൈജ്ഞാനിക മത്സര പരിപാടിയായിരുന്നു. മൈതാനത്തിൽ പ്രോഗ്രാം അവതരിപ്പിക്കാനായി സ്റ്റേജിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് മുൻനിരയിലിരുന്ന അവശനായ വ്യക്തി എന്റെ ഹൃദയത്തെ.., മനസ്സിനെ.., കൊളുത്തി വലിച്ചു. സ്റ്റേജിൽ കയറാതെ, ഞാനദ്ദേഹത്തിന്റെ അരികിലെത്തി, "സതീഷ് ചേട്ടാ.." എന്നു വിളിച്ചപ്പോൾ "നീ ഇന്നിവിടെ വരുമെന്നറിഞ്ഞ്, നിന്നെ കാണാൻ വന്നതാണ്.." എന്നാണ് മറുപടി. ആ വേദിയിൽ, "നിങ്ങൾ ഈ കാണുന്ന പരിപാടികൾക്കൊക്കെ കാരണക്കാരൻ.. അല്ലെങ്കിൽ ലൈം ലൈറ്റിലേക്ക് ഞാനെന്ന മനുഷ്യൻ അടയാളപ്പെടുത്താനുള്ള കാരണക്കാരൻ.., അത് ഇദ്ദേഹമാണ്.." എന്നു പരിചയപ്പെടുത്തിയപ്പോൾ സദസ്സ് അദ്ദേഹത്തെ കരഘോഷം കൊണ്ട് സ്വീകരിച്ചു..
സ്നേഹവും ദക്ഷിണയും സമ്മാനിച്ച്, വീണ്ടും കാണാം എന്നു പറഞ്ഞാണ് അന്ന് പിരിഞ്ഞത്.. അന്നത്തെ ചില ചിത്രങ്ങൾ ഈ കുറിപ്പിനൊപ്പം ചേർക്കുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ശ്രീ സതീഷ് എന്നെ വീണ്ടും വിളിച്ചു.. ലൈഫ് മിഷന്റെ ഭാഗമായുള്ള ഒരു ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അപേക്ഷ കൊടുക്കുന്ന കാര്യത്തെകുറിച്ചു സംസാരിക്കാനാണ് വിളിച്ചത്.. വടക്കാഞ്ചേരി എം. എൽ. എ ആയ ശ്രീ. സേവ്യർ ചിറ്റിലപ്പള്ളിയോട് സൗഹൃദത്തിന്റെ സ്വാതന്ത്ര്യമുപയോഗിച്ചു ഞാനിത് പറയുകയും, സേവ്യർ ശ്രീ. സതീഷ് നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തുകയും ഒക്കെ ചെയ്തു..!!
ഇന്നിപ്പോൾ, നിശാഗന്ധിയിലെ ബാലാവകാശ കമ്മീഷൻ വേദിയിൽ കുട്ടികളോട് സംസാരിച്ചു പുറത്തേക്കിറങ്ങിയപ്പോൾ ആകസ്മികമായി,
ഷാജി കമലേശ്വരം എന്ന ക്യാമറാമാൻ എന്റെ ഫോണിൽ വിളിച്ചു പറഞ്ഞു, "പ്രദീപേ.., സതീഷ് ചേട്ടൻ പോയീ.." എന്ന്..!!
ആരായിരുന്നൂ, എനിക്ക് ശ്രീ സതീഷ് നമ്പൂതിരി ? അശ്വമേധം എന്ന വൈജ്ഞാനിക പരിപാടിയെ ഒരു ടെലിവിഷൻ പ്രോഗ്രാം ആക്കി മാറ്റാൻ കഴിയും എന്ന് തിരിച്ചറിഞ്ഞ ഒരു ക്രാന്തദർശിയാണ് അദ്ദേഹം.. എന്നാൽ അതിനുമപ്പുറം, ലക്ഷങ്ങളിൽ ഒരാൾ മാത്രമായി., താരതമ്യേന അപ്രശസ്തമായ ഒരു ജീവിതം നയിക്കേണ്ടിയിരുന്ന എന്നെ.., നിങ്ങൾ അറിയുന്ന ഒരാൾ ആക്കി മാറ്റിയത് ശ്രീ സതീഷ് നമ്പൂതിരിയുടെ ഒരു നിമിഷത്തിന്റെ നിയോഗമാണ്.. എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ വിധിയുടെ മനോഹരമായ കയ്യൊപ്പ് വീഴും എന്നാണല്ലോ പറഞ്ഞു തുടങ്ങിയത്.. എന്റെ ജീവിതത്തിൽ ആ കയ്യൊപ്പ് ചാർത്തിയത് ശ്രീ. സതീഷ് നമ്പൂതിരിയാണ്.. വരുംകാലത്തിന്റെ ദൗത്യങ്ങളെ തിരുത്തി എഴുതിയ ഒരു കാവൽമാലാഖ..!! ഇനിയില്ല.., ശ്രീ. സതീഷ് നമ്പൂതിരി..!! അദ്ദേഹത്തിൻറെ നിഷ്കളങ്കമായ പുഞ്ചിരിയും..!!
സതീഷ് ചേട്ടന് ആദരവ്.. കടപ്പാട്.. നന്ദി.. ഓർമ്മ..!!