യുദ്ധത്തിലെ ഇസ്രായേൽ നുണബോംബുകൾ
പഴുതില്ലാത്ത തെളിവുകൾ സഹിതമാണ് സോഷ്യൽമീഡിയ ഇസ്രായേലിൻെറ നുണക്കൊട്ടാരങ്ങളെ തകർത്തു തരിപ്പണമാക്കിയത്.
വ്യാജങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ ലോകത്താണ് നാം ജീവിക്കുന്നത്. സത്യമേത്, അസത്യമേത് എന്നു തിരിച്ചറിയാൻ പോലുമാകാത്ത രീതിയിൽ അതിനെ ഭംഗിയായി പടച്ചുവിടാൻ കള്ളങ്ങൾ മെനയുന്ന കൂട്ടർ അക്ഷീണം പ്രവർത്തിക്കാറുണ്ട്. എതിരാളിയെ താറടിക്കാനും അവർക്കെതിരെ മറ്റുള്ളവരെ തിരിക്കാനും ഇത്തരം കള്ളങ്ങൾ തന്നെ ധാരാളമാണ്.
ബോംബുകളും മിസൈലുകളുമെല്ലാമായി ഇസ്രായേൽ ഗസ്സയെ തകർത്തുതരിപ്പണമാക്കുമ്പോഴും വ്യാജ വാർത്തകൾ മറുഭാഗത്ത് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഗസ്സയിൽ നടക്കുന്ന യുദ്ധത്തിൻെറ വാർത്തകൾ സാകൂതം വീക്ഷിക്കുന്നവർക്ക് മുന്നിലായിരുന്നു ഇത്തരം വ്യാജങ്ങളും ആദ്യമെത്തിയത്.
ഫലസ്തീനെ ലോകത്തിന് മുന്നിൽ താറടിക്കാനും ഇസ്രായേലിന്റെ യുദ്ധങ്ങളെ ന്യായീകരിക്കാനുമായി വ്യാജവാർത്തകൾ ഒന്നിന് പിറകെ ഒന്നായി പുറത്തേക്ക് വന്നുകൊണ്ടിരുന്നു. എന്നാൽ ഇവയിൽ പലതിനെയും സോഷ്യൽമീഡിയ തന്നെ പൊളിച്ചടുക്കുന്ന കാഴ്ചയും ലോകം കണ്ടു..തെളിവുകൾ സഹിതമായിരുന്നു സോഷ്യൽമീഡിയ ഇസ്രായേലിൻെറയും സൈന്യത്തിൻെറയും നുണക്കൊട്ടാരങ്ങളെ തകർത്തു തരിപ്പണമാക്കിയത്. എന്നാൽ 'സത്യം ചെരിപ്പിടുമ്പോഴേക്ക് നുണ ലോകസഞ്ചാരം പൂർത്തിയാക്കുന്നു' എന്ന പഴമൊഴിയൊഴിയുണ്ട്. ഓരോ നുണബോംബുകൾ വർഷിക്കുമ്പോഴും അത് ലോകം മുഴുവൻ പടർന്നിരുന്നു എന്നതും അതിൽ അവർ വിജയിച്ചിരുന്നു എന്നതും കാണാതിരിക്കാനാകില്ല. ഗസ്സ -ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ സൈന്യവും ഇസ്രായേൽ അനകൂല മാധ്യമങ്ങളും പുറത്ത് വിട്ട ചില വ്യാജവാർത്തകൾ ഏതൊക്കെയാണെന്ന് നോക്കാം....
'40 കുഞ്ഞുങ്ങളെ തലയറുത്തുകൊന്നു'
ഒന്നല്ല,രണ്ടല്ല, 40 ഓളം കുഞ്ഞുങ്ങളെ ഹമാസ് തലയറത്തുകൊന്നു...യുദ്ധത്തിൻെറ ആദ്യ നാളിൽ ലോകം ഏറ്റുപിടിച്ചൊരു വാർത്തയായിരുന്നു അത്. എന്തിന് നമ്മുടെ കേരളത്തിലെ നേതാക്കളും ജനപ്രതിനിധികളും പോലും ആ വാർത്ത ഷെയർ ചെയ്തു..ഞെട്ടൽ രേഖപ്പെടുത്തി... ''ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ 40ലേറെ കുഞ്ഞുങ്ങളെ ഹമാസ് കഴുത്തറുത്തു കൊന്നു'' എന്നതായിരുന്നു ആ 'വാർത്ത'.
ലോകത്തുള്ള എല്ലാ ചാനലുകളിലും അത് പ്രൈംടൈം ചർച്ചകളായി... ഇന്ത്യയിൽ റിപ്പബ്ലിക്, എൻഡിടിവി അടക്കമുള്ള ചാനലുകളും വാർത്ത പ്രസിദ്ധീകരിച്ചു.പടിഞ്ഞാറൻ വാർത്താമാധ്യമങ്ങളുടെ ഒന്നാം പേജിൽ ആ വാർത്ത ഇടം പിടിച്ചു. 'നാൽപ്പത് കുഞ്ഞുങ്ങളെ ഹമാസ് കൊന്നു' എന്നാണ് ലണ്ടൻ പത്രം മെട്രോ ഒന്നാം പേജിൽ എഴുതിയത്. പക്ഷേ അതൊരു കള്ളമായിരുന്നെന്ന് ഒടുവിൽ ഇസ്രായേലിന് സമ്മതിക്കേണ്ടി വന്നു.
വാർത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, ഹമാസ് കുട്ടികളുടെ തലയറുത്തു എന്ന ആരോപണം ശരിയല്ലെന്നും അതു സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെന്നും ഇസ്രായേൽ സേന തന്നെ വ്യക്തമാക്കി.
'ഭീകരർ കുട്ടികളുടെ തലയറുത്ത ചിത്രങ്ങൾ കാണേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല' എന്നാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ആദ്യം പ്രതികരിച്ചത്. എന്നാൽ ബൈഡനും ഈ പ്രസ്താവന തിരുത്തേണ്ടി വന്നു. ഇസ്രായേലിലെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആ പ്രസ്താവനയെന്നും പ്രസിഡണ്ട് ആ ചിത്രങ്ങൾ കണ്ടിട്ടില്ലായിരുന്നുവെന്നും പിന്നീട് വൈറ്റ്ഹൗസ് വക്താവ് വിശദീകരിച്ചു.
ഇസ്രായേലിന്റെ വ്യാജ ആരോപണം റിപ്പോർട്ട് ചെയ്തതിൽ ക്ഷമ ചോദിച്ച് സി.എൻ.എൻ റിപ്പോർട്ടർ സാറ സിദ്നർ പരസ്യമായി രംഗത്തെത്തി. എന്നാൽ യുദ്ധം നൂറാം ദിവസത്തിലേക്ക് നീളുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ടത് 23,000ത്തിലേറെ പേരാണ്...അതിൽ പകുതിയിലധികം കുട്ടികളാണ്. അത്രയേറെ കുട്ടികളുടെ ജീവനെടുത്ത കൂട്ടക്കൊല നടത്തുന്ന ഇസ്രായേലിനെ അലപിക്കാൻ ഇന്നും പലർക്കുമായിട്ടില്ല. ,
'മൃതദേഹമല്ല,അത് വെറും പാവ'
ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചും പ്രതിഷേധം അറിയിച്ചും നിരവധി രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും തുടക്കം മുതലേ രംഗത്തെത്തിയിരുന്നു. ഇതിൻെറ ഭാഗമായി നിരവധി രാജ്യങ്ങളിൽ കൂറ്റൻ പ്രക്ഷോഭവും അരങ്ങേറിയിരുന്നു. ഒക്ടോബർ 12ന് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഉമർ ബിലാൽ അൽ-ബന്ന എന്ന നാലു വയസുകാരന്റെ മൃതദേഹവുമായി നിൽക്കുന്ന ഒരാളുടെ വീഡിയോയും ചിത്രവും പുറത്തുവന്നിരുന്നു. നിലത്ത് നിരത്തിവച്ച നിരവധി മൃതദേഹങ്ങൾക്കിടയിലാണ് ഉമറിന്റെ മയ്യിത്തുമായി ആ മനുഷ്യൻ നിന്നിരുന്നത്. എന്നാൽ ഇത് മൃതദേഹമല്ല, പാവയാണ് എന്നായിരുന്നു ഇസ്രായേലിന്റെ വ്യാജപ്രചാരണവും പരിഹാസവും.
ഇസ്രായേലിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഒക്ടോബർ 14നായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. സഹതാപം നേടാൻ ഹമാസ് കളിപ്പാവയിൽ ചോരപുരട്ടി പൊതിഞ്ഞുകെട്ടിയതാണെന്നായിരുന്നു ഇസ്രായേലിന്റെ ആ വലിയ 'കണ്ടുപിടിത്തം'. ഈ വ്യാജ ആരോപണം ശരവേഗം പ്രചരിക്കുകയും ചെയ്തു. ഫ്രാൻസിലെയും ഓസ്ട്രിയയിലെയും ഇസ്രായേൽ എംബസിയും മറ്റ് ഔദ്യോഗിക ഇസ്രായേലി സോഷ്യൽമീഡിയ അക്കൗണ്ടുകളും 'പാവ' ആരോപണം പങ്കുവച്ചു.
ഇന്ത്യയിൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും മാധ്യമപ്രവർത്തകരായ സ്വാതി ഗോയൽ ശർമ, അഭിജിത് മജുംദർ തുടങ്ങിയവരും ഇത് ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതും ഇസ്രായേൽ നടത്തിയ വ്യാജ പ്രചാരണങ്ങൾ ഒന്നുമാത്രമായിരുന്നെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.
'നിരപരാധികളായ സ്ത്രീകളെയും ജൂതരെയും ഹമാസ് തൂക്കിക്കൊല്ലുന്നു'
'നിരപരാധികളായ സ്ത്രീകൾ, LGBTQ, ജൂതർ, മറ്റ്, ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകൾ, എന്നിവരെ ഹമാസ് കൊല്ലുന്നു..., ഇത്തരം ഭീകര സംഘടനകളെ ഇനിയും നിങ്ങൾക്ക് പിന്തുണയ്ക്കണോ' എന്ന അടിക്കുറിപ്പോടെ, ഒരാളെ പൊതുവിടത്തിൽ തൂക്കിലേറ്റുന്ന വീഡിയോ പങ്കുവെച്ചായിരുന്നു ആ ട്വീറ്റ്. എന്നാൽ, ഇത് 2014ൽ ഇറാനിൽ നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങളാണെന്ന് ഫാക്ട് ചെക്ക് സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തു.
ഒമ്പത് വർഷം മുമ്പ് ഇറാനിൽ എട്ട് കിലോ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ആണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നുണ പ്രചാരണത്തിന് ഉപയോഗിച്ചത്. പ്രതിക്ക് വധശിക്ഷ വിധിക്കുന്ന ഈ വീഡിയോ അടക്കം ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ ന്യൂസ് വാർത്തയും നൽകിയിരുന്നു.
'അൽ അഹ്ലി ആശുപത്രിക്കൂട്ടക്കൊലക്ക് പിന്നിൽ ഹമാസ്...'
ഗസ്സയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം ഹമാസാണ് നടത്തിയതെന്നായിരുന്നു ഇസ്രായേൽ നടത്തിയ മറ്റൊരു ആരോപണം. നിരവധി കുഞ്ഞുങ്ങളും രോഗികളുമടക്കമുള്ള 500 പേരാണ് ഈ ആക്രമത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം, ഗാസയിലെ ഭീകരരാണ് ആശുപത്രി തകർത്തത്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും കുറിപ്പിൽ വിശദീകരിക്കുന്നു.
“ഇത് ഒരു നുണയും കെട്ടിച്ചമച്ചതുമാണ്, പൂർണ്ണമായും തെറ്റായ കാര്യമാണിത്. സാധാരണക്കാർക്കെതിരെ അവർ നടത്തിയ ഭയാനകമായ കുറ്റകൃത്യവും കൂട്ടക്കൊലയും മറയ്ക്കാനാണ് അവർ ശ്രമിക്കുന്നതായിരുന്നു ഹമാസ് അന്ന് വ്യക്തമാക്കിയത്. എന്നാൽ അൽ അഹ്ലി അറബ് ഹോസ്പിറ്റലിൽ ബോംബിട്ടത് ഹമാസാണെന്ന ഇസ്രായേൽ വാദം സമൂഹമാധ്യമങ്ങൾ പൊളിച്ചടുക്കി.
ആക്രമണത്തിന് പിന്നാലെ, ഗസ്സയിലെ ആശുപത്രിക്ക് അകത്തെ ഹമാസ് ഭീകര താവളം ഇസ്രായേലി വ്യോമ സേന തകർത്തു എന്നാണ് ഇസ്രായേൽ ഗവൺമെന്റ് ഡിജിറ്റൽ വക്താവ് ഹനന്യ നഫ്താലി എക്‌സിൽ (നേരത്തെ ട്വിറ്റർ) അറിയിച്ചത്. ആശുപത്രികൾ, പള്ളികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹമാസ് റോക്കറ്റുകൾ തൊടുക്കുന്നതും സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതും ഹൃദയഭേദകമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഉന്നം തെറ്റിവന്ന ഹമാസ് റോക്കറ്റാണ് അത്യാഹിതത്തിന് കാരണമെന്ന ഇസ്രായേൽ വാദം വന്നതോടെ ഈ പോസ്റ്റ് ഹനന്യ ഡിലീറ്റ് ചെയ്തു.ഒടുവിൽ ആ കൂട്ടക്കൊലക്ക് പിന്നിൽ ഹമാസല്ല,ഇസ്രായേലെന്ന് ലോകം തിരിച്ചറിഞ്ഞു. ഹമാസല്ല,ഇസ്രായേലായിരുന്നു അതെന്ന് തിരിത്തിപ്പറഞ്ഞവർ വളരെ ചുരുക്കം പേരായിരുന്നു എന്ന് മാത്രം..
'സംഗീതനിശയിൽ പങ്കെടുത്തവരെ കൂട്ടക്കൊല ചെയ്തു'
ഗസ്സയ്ക്ക് അടുത്ത് ഉറിമിൽ നടന്ന ട്രൈബ് ഓഫ് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത 200-250 സിവിലിയന്മാരെ ഹമാസ് പോരാളികൾ കൊലപ്പെടുത്തിയെന്നായിരുന്നു പുറത്ത് വന്ന മറ്റൊരു വാർത്ത. .പാരാഗ്ലൈഡിലെത്തിയ ഹമാസ് സൈനികരെ കണ്ട് പരിപാടിക്കെത്തിയവർ ഭയന്നോടുന്ന ദൃശ്യങ്ങളാണ് ഇതിന് തെളിവായി ഇസ്രായേൽ പുറത്ത് വിട്ടത്. എന്നാൽ കൊല്ലപ്പെട്ടവരുടെയോ അവരെക്കുറിച്ചുള്ള വിവരങ്ങളോ ദൃശ്യങ്ങളോ ഒന്നും പുറത്ത് വന്നില്ല. 23 രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നത്. അതെത്രയാണ് എന്ന കൃത്യമായ വിവരങ്ങൾ റിപ്പോർട്ടിലില്ലായിരുന്നു.
'അൽ ഷിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമാക്കി..'
'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകത്തോടെയായിരുന്നു ഇസ്രായേൽ പ്രതിരോധ സേന ആ വീഡിയോ പുറത്ത് വിട്ടത്..പക്ഷേ പിന്നീട് അത് ഡിലീറ്റ് ചെയ്തു...കുറച്ച് കഴിഞ്ഞ് മാസ്‌ക് ചെയ്ത വീഡിയോയും പോസ്റ്റ് ചെയ്തു.
അൽ ഷിഫ ആശുപത്രിയെ ഹമാസ് സൈനിക കേന്ദ്രമാക്കി ഉപയോഗിച്ചു എന്നതിന് തെളിവായി ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ട വീഡിയോയാണ് അവർക്ക് തന്നെ തിരിച്ചടിയായത്.
എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ, ഇന്റലിജൻസ് ഉപകരണങ്ങൾ തുടങ്ങിയവ കണ്ടെത്തി എന്നാണ് വീഡിയോ അവകാശപ്പെട്ടത്. ലാപ്ടോപ്പും അതിനടുത്തുള്ളി സിഡി ബണ്ടിലും ഭീകരപ്രവർത്തനത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ആയുധങ്ങൾ സൂക്ഷിച്ച ബാഗുകൾ, ഏതാനും തോക്കുകൾ, വെടിയുണ്ട, ഒരു ഗ്രനേഡ് തുടങ്ങിയവ കണ്ടെത്തി എന്നാണ് ഈ വീഡിയോ അവകാശപ്പെട്ടത്.
ലാപ്ടോപ്പും അതിനടുത്തുള്ള സിഡി ബണ്ടിലും ഭീകരപ്രവർത്തനത്തിന്റെ തെളിവായും വീഡിയോയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരിയാണ് വിഡിയോയിലൂടെ വ്യാജ പ്രചാരണം നടത്തിയത്.
ലെനോവ തിങ്ക്പാഡ് ടി490 ലാപ്ടോപ്പാണ് വീഡിയോയിൽ കാണിച്ചിരുന്നത്. അതിനടുത്തായിരുന്നു സിഡി ശേഖരം. യഥാർത്ഥത്തിൽ സിഡി ഡ്രൈവ് ഇല്ലാത്ത ലാപ്ടോപ്പാണ് തിങ്ക്പാഡ് ടി490. സമൂഹമാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ ഐഡിഎഫ് വീഡിയോ ഡിലീറ്റ് ചെയ്തു. വീണ്ടും പോസ്റ്റ് ചെയ്ത വീഡിയോയിൽ ലാപ്ടോപ് പൂർണമായി മാസ്‌ക് ചെയ്യപ്പെട്ടിരുന്നു. രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ 'കട്ടില്ല, എഡിറ്റില്ല, നിഷേധിക്കാനാകാത്ത സത്യം മാത്രം' എന്ന തലവാചകവുമുണ്ടായിരുന്നില്ല.
എന്നാൽ ഈ ലാപ്‌ടോപ്പ് ഇസ്രായേലിന്റേത് തന്നെയാണെന്ന് തെളിവുകളടക്കം സോഷ്യൽമീഡിയ പുറത്തുകൊണ്ടുവന്നു. വീഡിയോയുടെ ഭാഗങ്ങൾ നിരവധി തവണ എഡിറ്റ് ചെയ്യുകയും മുറിച്ചുമാറ്റുകയും ചെയ്തതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
തുടർന്ന് ആദ്യത്തെ വീഡിയോ ഡിലീറ്റ് ചെയ്യുകയും പിന്നീട് മാസ്‌ക് ചെയ്ത വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഇസ്രായേൽ നടത്തിയ ആ നുണപ്രചാരണം പൊളിഞ്ഞുപോകുകയായിരുന്നു.
ടാറ്റൂ കലാകാരിയെ ഹമാസ് കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ, ജീവിച്ചിരിപ്പുണ്ടെന്ന് കുടുംബം
ഷാനി ലൗക് എന്ന ജർമൻ യുവതിയെ ഹമാസ് പോരാളികൾ പിടികൂടിയ ശേഷം നഗ്നയാക്കി തെരുവിലൂടെ കൊണ്ടുപോകുകയും ക്രൂരമായി കൊല്ലുകയും ചെയ്തു എന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗസ്സയ്ക്ക് അടുത്ത് ഉറിമിൽ നടന്ന ട്രൈബ് ഓഫ് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ നിന്നാണ് ടാറ്റൂ ആർടിസ്റ്റ് കൂടിയായ ഇവരെ ഹമാസ് പിടികൂടിയത് എന്നു കരുതപ്പെടുന്നു. ഇവരെ ഒരു പിക്കപ്പിൽ കയറ്റി നഗ്നയാക്കി കൊണ്ടുപോകുന്നതിന്റെ ദൃശ്യമാണ് പിന്നീട് പ്രചരിച്ചിരുന്നത്. വീഡിയോയിൽ ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. ഹമാസിന്റെ ക്രൂരകൃത്യം എന്ന പേരിൽ വീഡിയോ വൈറലാകുകയും ചെയ്തു.
എന്നാൽ ചൊവ്വാഴ്ച ലൗകിന്റെ കുടുംബം യുവതി ജീവിച്ചിരിക്കുന്നുണ്ടെന്ന് പുറംലോകത്തെ അറിയിച്ചു. തലയ്ക്കേറ്റ പരിക്കുകളോടെ ലൗക് ഗസ്സയിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് യുവതിയുടെ അമ്മ റിച്ചാർഡ ലൗകയെ ഉദ്ധരിച്ച് സ്വിസ് ജർമൻ വെബ്സൈറ്റായ ബ്ലിക് ആണ് റിപ്പോർട്ട് ചെയ്തത്. മകൾ ജീവിച്ചിരിക്കുന്നതായി അമ്മ എൻടിവി ചാനലിനോട് പ്രതികരിക്കുകയും ചെയ്തു. മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നും ജർമൻ ഗവൺമെന്റ് വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അത് വെറും വീഡിയോ ഗെയിമുകളായിരുന്നു
ഹമാസ് പോരാളി ഇസ്രയേൽ ഹെലികോപ്ടർ വെടിവച്ചിടുന്ന എന്ന തലക്കെട്ടോടെ സമൂഹ്യമാധ്യമായ എക്സിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ചുലക്ഷത്തിലധികം പേരായിരുന്നു ആ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ കണ്ടത്. എന്നാൽ അത് അർമാ 3 എന്ന വീഡിയോ ഗെയിമിലേതായിരുന്നു എന്ന് സോഷ്യൽമീഡിയ തന്നെ കണ്ടെത്തി. ഇതിന് പുറമെ പഴയ വീഡിയോകൾ കുത്തിപ്പൊക്കി ഇസ്രായേൽ അനുകൂല മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയും പുതിയതാണെന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ വനിത ആക്രമിക്കപ്പെടുന്നു എന്ന തലക്കെട്ടിൽ പ്രചരിച്ച ദൃശ്യങ്ങളായിരുന്നു അതിലൊന്നും.എന്നാൽ ഇത്. 2015ൽ ഗ്വാട്ടിമാലയിൽ നിന്നുള്ളതായിരുന്നു.
ബ്രിട്ടീഷ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജിം ഫെർഗൂസൺ, ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഉപയോഗിക്കുന്നത് അഫ്ഗാനിൽ യുഎസ് സൈനികർ ഉപേക്ഷിച്ചു പോയ ആയുധങ്ങളാണ് എന്നവകാശപ്പടുന്ന ദൃശ്യവും പുറത്ത് വന്നിരുന്നു. എന്നാൽ ഈ ചിത്രത്തിലുള്ളത് 2021ലെ താലിബാൻ സൈനികരാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.
യുക്രൈൻ ഹമാസിന് ആയുധങ്ങൾ വിറ്റു?
ഗസ്സ-ഇസ്രായേൽ യുദ്ധത്തിനിടയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്തകളിലൊന്നായിരുന്നു യുക്രൈൻ ഹമാസിന് ആയുധങ്ങൾ വിറ്റു എന്നത്. സോഷ്യൽമീഡിയയായ എക്സിലെ വെരിഫൈഡ് അക്കൗണ്ടുകളിലായിരുന്നു ആദ്യം ഈ വാർത്ത പ്രചരിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ചില റഷ്യൻ ഉദ്യോഗസ്ഥരും മുന്നോട്ട് വന്നു.
യുക്രൈനിൽ നിന്ന് ഗസ്സയിലേക്ക് ആയുധങ്ങൾ കടത്തുന്നതിന്റെ തെളിവുകൾ അന്വേഷണ മാധ്യമമായ ബെല്ലിംഗ്കാറ്റ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വ്യാജ ബിബിസി റിപ്പോർട്ടും പുറത്ത് വന്നു. ഇത് വൻരീതിയിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ബെല്ലിംഗ്കാറ്റ് തന്നെ മുന്നോട്ട് വന്നതോടെ ആ കള്ളവും ചീറ്റിപ്പോകുകയായിരുന്നു. ഞങ്ങൾ ഇത്തരത്തിലൊരു തെളിവുകൾ പുറത്ത് വിട്ടിട്ടില്ലെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണെന്നും അവർ വ്യക്തമാക്കി.
തങ്ങളുടെ രാജ്യത്തിന്റെ ആയുധങ്ങൾ ഹമാസിന് കൈമാറിയെന്ന വാർത്ത തെറ്റാണെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ തള്ളിക്കളയുകയും ചെയ്തു.