മെസ്സിയുടെ മാസ്റ്റർക്ലാസ്; കഠിന വിജയം
വായുവിൽ നിന്ന് പൂവെടുക്കുന്ന മാന്ത്രികനെപ്പോലെ ശൂന്യതയിൽ നിന്ന് മെസ്സസൃഷ്ടിക്കുന്ന അത്തരം ഗോളുകൾ തടയാനുള്ള വഴികൾ ട്രെയിനിങ് ക്ലാസ്സുകളിൽ ലഭിക്കാനുള്ള സാധ്യത കുറവാണ്.
അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫുട്‌ബോൾ മത്സരം എന്നു കേട്ടാൽ ഏറെക്കുറെ ഏകപക്ഷീയമായ, വിരസമായി അവസാനിച്ച് അർജന്റീന ജയിക്കുന്നൊരു മത്സരം എന്നായിരിക്കും ഈ ലോകകപ്പിനു മുമ്പായിരുന്നെങ്കിൽ ഞാൻ വിചാരിക്കുക. എന്നാൽ, ലയണൽ മെസ്സി എന്ന അമാനുഷികന്റെ മാസ്റ്റർക്ലാസ് പെർഫോമൻസ് കാണാനായിട്ടും അഹ്‌മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ ആ ടീമുകൾക്കിടയിൽ സംഭവിച്ചത് വാശിയും വീറും ഉദ്വേഗ നിമിഷങ്ങളും പിറന്നൊരു കിടിലൻ 90 മിനുട്ടാണ്. സംശയലേശമന്യേ ഈ കളിയിൽ മികച്ച താരം മെസ്സിയും മുന്തിനിന്ന ടീം അർജന്റീനയുമാണെങ്കിലും ഓസ്‌ട്രേലിയയുടെ പോരാട്ടവീര്യത്തെയും അസീസ് ബെഹിച്ച് എന്ന അവരുടെ ഡിഫന്ററുടെ അസാമാന്യമായ മികവിനെയും തലകുനിച്ചു വണങ്ങണം. ഒരു ഹൈ ഇന്റൻസിറ്റി മത്സരത്തിൽ, ശരീരം കൊണ്ടും സ്റ്റാമിന കൊണ്ടും കടുത്ത വെല്ലുവിളി ഉയർത്തിയ ശേഷം ജയിച്ചുകയറാനായി എന്നത് ക്വാർട്ടറിൽ നെതർലന്റ്‌സിനെ നേരിടാനൊരുങ്ങുന്ന മെസ്സിക്കും സംഘത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
പനിപിടിച്ച ഡി മരിയയ്ക്കു പകരം പപ്പു ഗോമസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി എന്നതൊഴിച്ചാൽ പോളണ്ടിനെതിരെ മികച്ച വിജയം നേടിയ ടീമിനെ അതേപടി നിലനിർത്തുകയാണ് അർജന്റീന കോച്ച് ലയണൽ സ്‌കലോനി ഇന്നലെ ചെയ്തത്. അതിലെ സന്ദേശം വ്യക്തമായിരുന്നു; ഉയരക്കാരും കരുത്തരുമായ ഓസ്‌ട്രേലിയക്കാർ, മുന്നത്തെ മത്സരത്തിൽ പോളണ്ട് ചെയ്തതു പോലെ പിൻവലിഞ്ഞ് പ്രതിരോധിക്കുകയില്ല എങ്കിൽ പോലും അർജന്റീന ശ്രമിക്കുക എത്രയും വേഗം ലീഡെടുക്കാനായിരിക്കും. ഡെൻമാർക്കിനെ കീഴടക്കി വന്ന ഓസ്‌ട്രേലിയൻ നിരയിലും ഒരു മാറ്റമേ ഉണ്ടായിരുന്നുള്ളൂ. വിങ്ങിലൂടെ ആക്രമിക്കുകയും ഗോൾ ലക്ഷ്യം വെക്കുകയും ചെയ്യുന്ന പരിചയസമ്പന്നനായ ക്രെയ്ഗ് ഗുഡ്‌വിനു പകരം താരതമ്യേന ചെറുപ്പമായ ഡിഫൻസീവ് മിഡ്ഫീൽഡർ കീനു ബാക്കസ് വന്നു; മെസ്സിയെ നിയന്ത്രിക്കാനുള്ള ചുമതല അയാൾക്കാണ് നൽകപ്പെട്ടിരിക്കുന്നത് എന്നു തോന്നി.
ലോകകപ്പ് പ്രീക്വാർട്ടർ അർഹിക്കുന്ന ഇന്റൻസിറ്റിയോടെയും ആക്രമണ ത്വരയോടെയുമാണ് ഓസ്‌ട്രേലിയ തുടക്കം മുതലേ കളത്തിൽ നിന്നത്. അതിവേഗത്തിൽ പന്ത് നീക്കുകയും കടന്നുകയറുകയും ചെയ്യുന്ന പ്രതിഭാസമ്പന്നരായ അർജന്റീനക്കാരെ മൈതാനമധ്യത്തിൽ തളച്ചിടാനുള്ള അവരുടെ തന്ത്രം ആദ്യഘട്ടങ്ങളിൽ ഫലം ചെയ്യുന്നുണ്ടായിരുന്നു. മുന്നോട്ടുകയറുമ്പോഴും പിൻവലിയുമ്പോഴും 4-4-2 എന്ന ലൈൻ കണിശമായി പാലിച്ച അവർ അർജന്റീനയെ മൈതാനത്തിനു കുറുകെ പാസ് ചെയ്തു കളിക്കാൻ നിർബന്ധിതരാക്കി. ഏറ്റവും മുന്നിൽ കളിച്ച രണ്ടുപേർ, അർജന്റീനയുടെ രണ്ട് ഫുൾബാക്കുകൾക്ക് പന്തിന്മേൽ സമയവും സ്വാതന്ത്ര്യവും അനുവദിക്കാതിരിക്കാനും ശ്രദ്ധിച്ചു.
പപ്പു ഗോമസിന്റെ ക്രോസിൽ അർജന്റീനക്കാർ ഉയർത്തിയ ഒരു പെനാൽട്ടി അപ്പീൽ നിരസിക്കപ്പെട്ടതും ഡിഫൻസ് ലൈനിനു മുകളിലൂടെ എൻസോ നൽകിയ പാസിൽ നിന്ന് ജൂലിയൻ അൽവാരസ് ഉണ്ടാക്കിയ അവസരം പാഴായതും ബാക്കസ് മെസ്സിയെ മുട്ടിനിടിച്ചു വീഴ്ത്തിയതും ഗോമസിന്റെ ലോങ് റേഞ്ചർ ശ്രമം വിഫലമായതുമൊക്കെ ഒഴിച്ചാൽ ആദ്യഘട്ടത്തിൽ കളി മധ്യവൃത്തത്തിനെ ചുറ്റിപ്പറ്റി ഉദ്വേഗ നിമിഷങ്ങൾ ഉൽപ്പാദിപ്പിക്കാതെ നിന്നു. ആദ്യഘട്ടത്തിൽ കൃത്യമായി മാർക്ക് ചെയ്യപ്പെട്ടെങ്കിലും പിന്നോട്ടിറങ്ങിയും തിരശ്ചീനമായി നീങ്ങിയും മെസ്സി സാന്നിധ്യമറിയിച്ചു തുടങ്ങി. പന്ത് കൂടുതൽ സമയവും അർജന്റീനയുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും കളി ബാലൻസ്ഡ് ആയിരുന്നു.
അരമണിക്കൂർ പിന്നിട്ടതിനു പിന്നാലെ ഓസ്‌ട്രേലിയയുടെ അപൂർവമായ ഒരു അറ്റാക്കിനെ ഗോൾ ഏരിയയിൽ ഫ്രീകിക്ക് വഴങ്ങി അക്യുന വിഫലമാക്കിയതോടെ കളി ചൂടുപിടിച്ചു. കിക്കെടുത്ത ആരോൺ മൂയ്ക്ക് ഭീഷണി സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മൈതാനത്തിന്റെ എതിർവശത്ത് കളിയിലെ നിർണായക നിമിഷം സംഭവിച്ചു; മെസ്സിയുടെ ഗോൾ.
വലതുവശത്തു നിന്ന് മെസ്സി വളച്ചിറക്കിയ പന്ത് ഗോൾ ഏരിയയിൽ നിന്ന് ക്ലിയർ ചെയ്യാൻ ഡിഫന്റർക്കു കഴിഞ്ഞെങ്കിലും ബോക്‌സിനു പുറത്ത് തിരക്കൊഴിഞ്ഞു നിന്ന പപ്പു ഗോമസിനു നേരെയാണത് ചെന്നത്. പന്ത് നിയന്ത്രിച്ച് ഒരു ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ ഗോമസ് വായുവിൽ വെച്ചുതന്നെ മെസ്സിയ്ക്ക് ഒരു ലോബ് പാസ് നൽകുന്നു. തടയാൻ വന്ന എതിർതാരത്തിന് പിടിനൽകാതെ മെസ്സി ബോക്‌സിനു നേരെ പാഞ്ഞ് ഡി സർക്കിളിനടുത്തു നിന്ന മക്കലിസ്റ്റർക്ക് പന്ത് നീക്കുന്നു. രണ്ടാം ടച്ചിൽ മക്കലിസ്റ്റർ ബോക്‌സിൽ പ്രതിരോധക്കാർക്കിടയിൽ സ്‌പേസുണ്ടാക്കി നിന്ന ഒറ്റമെൻഡിക്കു പന്ത് നീട്ടി. ഒറ്റമെൻഡിയുടെ ഫസ്റ്റ് ടച്ചിനു കനം കൂടിയതാണ് യഥാർത്ഥത്തിൽ മഞ്ഞക്കുപ്പായക്കാരുടെ കണക്കുകൂട്ടലുകളെല്ലാം തകർത്തത്. മക്കലിസ്റ്റർക്ക് പന്തുനൽകിയ ശേഷം കഴുകൻ കണ്ണുകളുമായി ഓടിക്കയറിയ മെസ്സി, ഒറ്റമെൻഡിയിൽ നിന്നു തുളുമ്പിയ പന്ത് വരുതിയിലാക്കുന്നതും പ്രതിരോധക്കാർക്കും ഗോൾകീപ്പർക്കുമിടയിൽ ഒരു മിന്നായംപോലെ കണ്ട നേരിയ വിടവിലൂടെ ഉരുട്ടിവിടുന്നതും നിമിഷാർധത്തിൽ കഴിഞ്ഞു. വായുവിൽ നിന്ന് പൂവെടുക്കുന്ന മാന്ത്രികനെപ്പോലെ ശൂന്യതയിൽ നിന്ന് മെസ്സി സൃഷ്ടിക്കുന്ന അത്തരം ഗോളുകൾ തടയാനുള്ള വഴികൾ ട്രെയിനിങ് ക്ലാസ്സുകളിൽ ലഭിക്കാനുള്ള സാധ്യത കുറവാണ്.
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യഗോൾ, ആയിരാം മത്സരത്തിലെ ഗോൾ, മറഡോണയെ മറികടന്ന ഗോൾ, ഈ ടൂർണമെന്റിലെ മൂന്നാമത്തെ ഗോൾ എന്നിങ്ങനെ പല വിശേഷണങ്ങളുമുള്ള ആ ക്ലിനിക്കൽ ഫിനിഷ് അർജന്റീന അതുവരെ പന്തിനുമേൽ പുലർത്തിയ ആധിപത്യത്തിന്റെ നീതീകരണമായിരുന്നു. അതുണ്ടാക്കിയ പോസിറ്റീവ് വൈബിൽ അവർ ഇടവേളയ്ക്കു കയറി.
50-ാം മിനുട്ടിൽ മെസ്സിയുടെ ഗോളിൽ പ്രധാനപ്പെട്ടൊരു പങ്കുവഹിച്ച പപ്പു ഗോമസിനെ മാറ്റി ലിസാന്ദ്രോ മാർട്ടിനസിനെ ഇറക്കാനുള്ള ലയണൽ സ്‌കലോനിയുടെ തീരുമാനം ഒരു ഇരുതല മൂർച്ചയുള്ള വാളായിരുന്നു. ലിസാന്ദ്രോ കൂടി വന്നതോടെ മൂന്നു ഫുൾബാക്കുമാരും രണ്ട് വിങ് ബാക്കുമാരുമടക്കം പ്രതിരോധത്തിനു കരുത്തുകൂടി എന്നുമാത്രമല്ല, വശങ്ങളിലൂടെ കയറിക്കളിച്ചിരുന്ന മൊളീനയ്ക്കും അക്യുനക്കും കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടി. അധികം വൈകാതെ അർജന്റീന അർഹിച്ച രണ്ടാം ഗോൾ, തീർത്തും അവിചാരതമായ സംഭവവികാസങ്ങൾക്കൊടുവിൽ പിറന്നു. ഗോൾകീപ്പറിൽ നിന്ന് കളി ബിൽഡ് ചെയ്തുകൊണ്ടിരുന്ന ഓസ്‌ട്രേലിയക്ക്, ആ തന്ത്രത്തിൽ സംഭവിക്കാവുന്ന റിസ്‌ക് പ്രായോഗികമായി കാണിച്ചു കൊടുത്തു കൊണ്ടുള്ളതായിരുന്നു ഡിപോളും അൽവാരസും ചേർന്ന് ആ ഗോൾ ആവിഷ്‌കരിച്ചത്.
ബോക്‌സിൽ തന്റെ വലതുഭാഗത്ത് പന്ത് സ്വീകരിച്ച ഓസ്‌ട്രേലിയൻ കീപ്പർ മാത്യു റിയാൻ നേരെ എതിർദിശയിൽ നിൽക്കുകയായിരുന്ന ലെഫ്റ്റ് വിങ്ബാക്ക് അസീസ് ബെഹിച്ചിന് പന്ത് എറിഞ്ഞുകൊടുക്കാൻ തീരുമാനിച്ചതിൽ അപാകതയൊന്നുമുണ്ടായിരുന്നില്ല. മെസ്സിയും മക്കലിസ്റ്ററും ബോക്‌സിനു പുറത്തുള്ളതിനാൽ ആ സമയത്ത് സാധ്യമായ ഏറ്റവും മികച്ച ഡെലിവറിയായിരുന്നു താനും അത്. പക്ഷേ, റിയാൻ എറിയാൻ കൈവീശിയപ്പോൾ തന്നെ ബെഹിച്ചിനു നേരെ പാഞ്ഞുചെന്ന ഡിപോൾ എതിരാളിയിൽ സമ്മർദമുണ്ടാക്കി. ബെഹിച്ച് പന്ത് സ്വീകരിക്കുമ്പോൾ ഡിപോൾ തൊട്ടടുത്തെത്തിയിരുന്നു. പിന്നോട്ട് കളിച്ച് അപകടമൊഴിവാക്കുകയല്ലാതെ മറ്റുവഴിയൊന്നും അയാൾക്കുണ്ടായിരുന്നില്ല. ഡിപോൾ പ്രെസ്സ് ചെയ്യുന്നതിനിടയിൽ ബോക്‌സിൽ പന്ത് സ്വീകരിച്ച കെയ് റൗൾസ് വലിയൊരു പിഴവാണ് വരുത്തിയത്. പന്ത് അടിച്ചകറ്റുകയോ നിയന്ത്രിച്ച് വെട്ടിത്തിരിയുകയോ ചെയ്യുന്നതിനു പകരം അയാൾ പിന്നോട്ട് ഗോൾകീപ്പർക്കാണത് നൽകിയത്. ഡിപോളിനൊപ്പം മറുവശത്തുനിന്ന് അൽവാരസ് കൂടി പ്രെസ്സ് ചെയ്യുമ്പോൾ അപകടമൊഴിവാക്കുകയായിരുന്നു കീപ്പർ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഒരു ടച്ചെടുത്ത് പന്ത് റൗൾസിന് തിരികെ നൽകാനുള്ള അയാളുടെ തീരുമാനം പാടേ പിഴച്ചു. മുന്നോട്ടുള്ള ടച്ചിൽ കീപ്പർക്ക് ഡിപോളിനെ മറികടക്കാൻ കഴിഞ്ഞെങ്കിലും പിന്നിലൂടെ ആക്രമിച്ച അൽവാരസ് പന്ത് റാഞ്ചിയെടുത്തു. വെട്ടിത്തിരിഞ്ഞ് പന്ത് ഗോളിലേക്ക് ഉരുട്ടിവിട്ടു.
രണ്ടാം ഗോൾ കൂടി വീണതോടെ അതുവരെ പ്രതിരോധത്തിൽ ശ്രദ്ധിച്ചിരുന്ന ഓസ്‌ട്രേലിയക്ക് ആക്രമിക്കുകയല്ലാതെ വഴിയില്ലെന്നായി. ഇതോടെ മധ്യനിരയിലെ പോരാട്ടം കുറച്ചുകൂടി തുറന്നതാവുകയും മെസ്സിക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരം കിട്ടുകയും ചെയ്തു. ഒരു ഘട്ടത്തിൽ മൈതാനമധ്യത്തു നിന്ന് പന്തെടുത്ത് എതിർഹാഫിലൂടെ മുഴുനീളം ഓടിയ മെസ്സി അൽവാസരിന് കൊടുത്തുവാങ്ങി ബോക്‌സിൽ കയറിയത് രോമാഞ്ചത്തോടെയാണ് കണ്ടത്. അപകടമുഖത്ത് മിലോസ് ഡെഗനക്ക് നടത്തിയ കുറ്റമറ്റ ക്ലിയറൻസ് ഇല്ലായിരുന്നെങ്കിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ നേരിട്ടു കാണാനുള്ള ഭാഗ്യം അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിലെ കാണികൾക്കുണ്ടായേനെ.
കളി അവസാനത്തോടടുക്കവെ, അതുവരെ വിജയികളുടെ ശരീരഭാഷയിൽ കളിച്ച അർജന്റീനയെ അസ്വസ്ഥരാക്കി ഓസ്‌ട്രേലിയ ഒരു ഗോൾ മടക്കി. ഡ്രിബ്ലിങ്ങും പേസും കൊണ്ട് ഓസീസ് നിരയിൽ വേറിട്ടുനിന്ന അസീസ് ബെഹിച്ചിന്റെ ഒരു റണ്ണിൽ നിന്നായിരുന്നു അതിന്റെ തുടക്കം. മധ്യവരയ്ക്കു സമീപം ഇടതുഭാഗത്ത പന്ത് സ്വീകരിച്ച ബെഹിച്ച് ഡിപോളിനെയും മൊളീനയെയും കടന്നുകയറി ബോക്‌സിലേക്കൊരു ക്രോസ് കൊടുത്തു. പിന്നിൽ സമാന്തരമായി ഓടുന്ന മക്ലാരന് പന്ത് കിട്ടാതിരിക്കാൻ ഒറ്റമെൻഡി വായുവിൽ വെച്ചാണത് ക്ലിയർ ചെയ്തത്. പൂർണനിയന്ത്രണത്തോടെയല്ലാത്ത ആ ക്ലിയറൻസിൽ പന്ത് കിട്ടിയത് പകരക്കാരനായിറങ്ങി രണ്ടാം ഹാഫിൽ ഗ്രൗണ്ടിലെത്തിയ ക്രെയ്ഗ് ഗുഡ്‌വിന്. ഗുഡ്‌വിന്റെ ദൂരെനിന്നുള്ള ഭാഗ്യപരീക്ഷണം പുറത്തേക്കു പോകേണ്ടതായിരുന്നു. പക്ഷേ, എൻസോ ഫെർണാണ്ടസിന്റെ ശരീരത്തിൽ തട്ടി വഴിമാറിയ പന്ത് എമി മാർട്ടിനസിന് ചിന്തിക്കാൻ പോലും സമയം നൽകാതെ വലയിലെത്തി. പ്രതിരോധത്തിനും ആക്രമണത്തിനുമിടയിൽ നന്നായി കളിച്ചുകൊണ്ടിരുന്ന എൻസോ ഒരിക്കലും അർഹിക്കാത്ത ഒരു സെൽഫ് ഗോൾ.
ക്ഷീണിച്ചു തുടങ്ങിയ മൊളീനയെയും മക്കലിസ്റ്ററെയും മാറ്റി എസിക്വേൽ പലാഷ്യസിനെയും ഗൊൺസാലോ മോണ്ടിയലിനെയും കൊണ്ടുവന്നാണ് ഈ അടിയന്തര ഘട്ടത്തെ സ്‌കലോനി നേരിട്ടത്. എന്നിട്ടുപോലും, ക്ഷീണമറിയാത്ത ബെഹിച്ച് അർജന്റീന ഡിഫൻസിന്റെ ഹൃദയത്തിലൂടെ ഓടിയക്കയറി ഒരു പരിഭ്രാന്തി നിമിഷം സൃഷ്ടിച്ചു. പലാഷ്യസിനെയും എൻസോയെയും പിന്നിലാക്കി ബോക്‌സിൽ കയറിയ ബെഹിച്ച് ഒറ്റമെൻഡിയെ കൂടി വെട്ടിച്ചപ്പോൾ ഗോളിന് തൊട്ടരികിലെത്തിയതാണ്. ഗോൾ കീപ്പറും ബെഹിച്ചും നേർക്കുനേർ വന്ന ആ ഘട്ടത്തിൽ ലിസാന്ദ്രോ മാർട്ടിനസിന്റെ മനസ്സാന്നിധ്യം വലിയൊരു പ്രതിസന്ധിയിൽ നിന്നു രക്ഷിച്ചു. ബെഹിച്ച് ഗോളിലേക്ക് പന്തടിക്കാൻ തുടങ്ങിയ ആ നിമിഷത്തിലാണ് കൃത്യമായി ഇടപെട്ട ലിസാന്ദ്രോ പന്തിനെ മൈതാനത്തിനു പുറത്തേക്കയച്ചത്.
അൽവാരസിനെ പിൻവലിച്ച് ലൗത്താറോ മാർട്ടിനസിനെ ഇറക്കിയതാണ് ഈ മത്സരത്തിൽ അനുചിതമായിത്തോന്നിയ സ്‌കലോനിയുടെ ഏക തീരുമാനം. മിന്നും ഫോമിലായിരുന്ന മെസ്സി നൽകിയ രണ്ട് സുവർണാവസരങ്ങളാണ് ലൗത്താറോ അമ്പരപ്പിക്കുന്നവിധത്തിൽ പാഴാക്കിയത്. റീബൗണ്ടിൽ ലഭിച്ചൊരു പന്ത് വലയിലേക്കു തട്ടിയിടുന്നതിൽ മെസ്സിക്ക് പിഴച്ചപ്പോൾ, പ്രതിരോധത്തെ നിരായുധരാക്കി സൂപ്പർ താരം തൊടുത്ത ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിന് പുറത്തേക്കു പോയി.
ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ ഒരു ആന്റി ക്ലൈമാക്‌സിൽ നിന്നും അർജന്റീന രക്ഷപ്പെട്ടു. ശക്തമായ ഓസ്‌ട്രേലിയൻ പ്രസ്സിങ്ങിനൊടുവിൽ ഗുഡ്‌വിൻ ബോക്‌സിലേക്കു നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ പ്രതിരോധത്തിനു പറ്റേ പിഴച്ചു. അസാമാന്യമായ മെയ്‌വഴക്കത്തോടെ ടാഗ്ലിയാഫിക്കോയെ നിരായുധനാക്കി പന്ത് നിയന്ത്രിച്ച 18-കാരൻ ഗരാങ് കോൾ ഗോളടിച്ചു എന്നുറപ്പിച്ചതാണ്. പക്ഷേ, അപകടം മണത്തറിഞ്ഞു അഡ്വാൻസ് ചെയ്ത എമിലിയാനോ മാർട്ടിനസ് മുന്നോട്ടുകയറി ക്ലോസ് റേഞ്ചിൽ നിന്നുള്ള ആ വെടിയുണ്ട കൈകൊണ്ട് തടുത്ത്, ഈ വിജയത്തിൽ തന്റെ ഭാഗധേയവും രേഖപ്പെടുത്തി.
അന്തിമ വിശകലനത്തിൽ, കൂടുതൽ അവസരങ്ങളുണ്ടാക്കിയതും പന്ത് നിയന്ത്രിച്ചതും അർജന്റീനയാണെങ്കിലും ഓസ്‌ട്രേലിയയുടെ പോരാട്ടവീര്യവും അനന്യമായിരുന്നു. തങ്ങളുടെ അനുകൂല ഘടകമായ ഉയരമുള്ള ശരീരത്തെ അവർ ഏറെക്കുറെ ഫലപ്രദമായി ഉപയോഗിച്ചു. അൽവാരസും ഡിപോളും എൻസോയും എമി മാർട്ടിനസും മക്കലിസ്റ്ററുമടക്കം അർജന്റീന നിരയിൽ ഏറെക്കുറെ എല്ലാവരും മികച്ച ഫോമിലായിരുന്നു. പന്ത് ഡ്രിബിൾ ചെയ്തു കയറുന്ന അസീസ് ബെഹിച്ച് അപകട നിമിഷങ്ങളുണ്ടാക്കിയെങ്കിൽ, അതേപോലെ കളിക്കാനറിയുന്ന മാത്യു ലെക്കിക്ക് ഇന്നലെ നല്ല രാത്രിയായിരുന്നില്ല.
പ്രിയപ്പെട്ട രണ്ടു ടീമുകൾ - അർജന്റീനയും നെതർലാന്റ്‌സും - ക്വാർട്ടറിൽ തന്നെ നേരിൽ വരുന്നു എന്നതാണെന്റെ സങ്കടം. രണ്ടു ടീമുകളുടെയും ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരം അതായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.