40 വർഷത്തിന് ശേഷം ഹോളിവുഡില്‍ സമരം, ഇന്ത്യക്ക് ഓസ്കർ തിളക്കം, ബോളിവുഡിന്‍റെ രക്ഷകനായി കിങ് ഖാന്‍ | Year Ender 2023
ബോക്‌സോഫീസ് തിളക്കങ്ങളും ഇന്ത്യക്ക് ഓസ്‌കര്‍ എന്‍ട്രിയുമൊക്കെ സംഭവിച്ച വർഷമായിരുന്നു 2023. തകർന്നു എന്ന് തോന്നിയിടത്ത് നിന്ന് ബോളിവുഡ് തിരിച്ചുവന്ന വർഷം
സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ വര്‍ഷമായിരുന്നു 2023. ബോക്‌സോഫീസ് തിളക്കങ്ങളും ഓസ്‌കാര്‍ എന്‍ട്രിയുമൊക്കെ സംഭവിച്ച വർഷം. തകർന്നു എന്ന് തോന്നിയിടത്ത് നിന്ന് ബോളിവുഡ് തിരിച്ചുവന്ന വർഷം.
സിനിമാ നിർമാണം നിലച്ച ഹോളിവുഡ്
40 വർഷത്തിന് ശേഷം ഹോളിവുഡ് അത്യപൂർവ്വമായ ഒരു സമരത്തിന് സാക്ഷിയായ വർഷം കൂടിയായിരുന്നു 2023. പ്രതിഫലത്തുകയുടെ കുറവും എഐയുടെ കടന്നുവരവിൽ തൊഴിൽ ഭീഷണി നേരിട്ട സംവിധായകരും അഭിനതാക്കളും സമരത്തിനിറങ്ങായതായിരുന്നു അത്. ഹോളിവുഡിനെ ഞെട്ടിച്ച സമരം 118 ദിവസമാണ് നീണ്ടുനിന്നത്. 1,60,000 അഭിനേതാക്കളെ പ്രതിനിധീകരിക്കുന്ന യൂണിയനായ ദ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡാണ് സമരതീരുമാനം അറിയിച്ചത്.
ഇന്ത്യയുടെ ഓസ്കർ തിളക്കം
ഓസ്‌കറിൽ ഇന്ത്യ തിളങ്ങിയ വർഷം കൂടിയാണ് 2023. ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 'ദി എലിഫന്റ് വിസ്പറേഴ്‌സ്' മികച്ച ചിത്രമായി. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനം ബെസ്റ്റ് ഒറിജിനല്‍ സോങ്ങിനുള്ള ഓസ്‌കര്‍ നേടി. എം.എം കീരവാണി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. 95-ാം ഓസ്‌കറില്‍ 'എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്' മികച്ച ചിത്രമായി. മികച്ച നടി- മിഷേല്‍ യോ, നടന്‍- ബ്രെന്‍ഡന്‍ ഫ്രാസെര്‍,സംവിധാനം- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട്.
ബോളിവുഡിനെ തിരിച്ചുപിടിച്ച കിംങ് ഖാൻ
രാജ്യത്തെ ഏറ്റവും വലിയ സിനിമാ ഇൻഡസ്ട്രിയാണ് ബോളിവുഡ്. കൊവിഡിന് ശേഷം ബോളിവുഡ് വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സമയം തന്നെ ദക്ഷിണേന്ത്യൻ സിനിമകൾ അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയും ഹിന്ദി ബെൽറ്റിൽ തങ്ങളുടെ പവർ പുറത്തെടുക്കുകയും ചെയ്തു. പാൻ ഇന്ത്യൻ റിലീസുകളിലേക്ക് ദക്ഷിണേന്ത്യയിലെ ബിഗ്ബജറ്റ് സിനിമകൾ മാറുന്നതിനാണ് കഴിഞ്ഞ വർഷങ്ങൾ ഇന്ത്യൻ സിനിമ സാക്ഷിയായത്. ബോളിവുഡിൽ തന്നെ ബാഹുബലിയും കെജിഎഫും പുഷ്പയും ലിയോയും ജയിലറും പോലുള്ള ചിത്രങ്ങൾ വമ്പൻ വിജയങ്ങൾ നേടുകയും ചെയ്തു. എന്നാൽ തകർന്നു എന്ന് എല്ലാവരും പറഞ്ഞിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റതിന്റെ ചരിത്രമാണ് 2023ന് ബോളിവുഡിന് പറയാനുള്ളത്. പത്താൻ, ഗദർ 2, ടൈഗർ 3, അനിമൽ, ജവാൻ എന്നീ സിനിമകൾ ബോക്‌സോഫീസ് കത്തിച്ച് ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായി. അതിൽ ആദ്യത്തെ പെര് ഷാരൂഖ് എന്ന് തന്നെയാണ്. കിങ് ഖാന്റെ ചിറകിലേറിയാണ് ബോളിവുഡ് അതിന്റെ തിരിച്ചുവരവിന്റെ കാഹളം മുഴക്കിയത്. ഒന്നല്ല രണ്ടായിരം കോടിയാണ് രണ്ട് ഷാരൂഖ് ചിത്രങ്ങൾ മാത്രം ബോക്സ്ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്.
കാവി ബിക്കിനി കണ്ട് ഹാലിളകിയവർ
2022 ഡിസംബർ 12നാണ് ഷാരൂഖ് ചിത്രം പഠാനിലെ ആദ്യഗാനം റിലീസ് ചെയ്യുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. എന്നാൽ മറുഭാഗത്ത് പഠാനെ കാത്തിരുന്നതാകട്ടെ വിവാദങ്ങളുടെ വേലിയേറ്റവും. പഠാനിലൂടെ ബോളിവുഡ് സിനിമാ വ്യവസായം പ്രതിസന്ധികൾ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ ഗാനരംഗത്ത് ദീപിക ധരിച്ച കാവി ബിക്കിനി ഒരുവിഭാഗത്തെ ചൊടിപ്പിച്ചു. ബോളിവുഡിനെ നിരാശയിലാഴ്ത്തി. വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും പൊട്ടിപ്പുറപ്പെട്ടു.ഷാരൂഖിനെ നേരിൽ കണ്ടാൽ കൊല്ലുമെന്ന് ഭീഷണികൾ ഉയർന്നു. ശേഷക്രിയകൾ വരെ നടത്തി. എന്നാൽ ഇത്തരം കോലാഹലങ്ങളെ സൈഡാക്കി അഡ്വാൻസ് ബുക്കിംഗ് മുതൽ പഠാൻ കുതിച്ചു.
ജനുവരി 25ന് നൂറിലധികം രാജ്യങ്ങളിൽ 8000ലധികം സ്‍ക്രീനുകളിൽ ഷാരൂഖ് ചിത്രം പ്രദർശനത്തിന് എത്തി. വർഷങ്ങൾക്ക് ശേഷമെത്തിയ കിഗ് ഖാൻ ചിത്രം കാണാൻ ജനപ്രവാഹവും തിയറ്ററുകളിലേക്ക് ഒഴുകി. പ്രവർത്തി ദിനത്തിലാണ് റിലീസ് ചെയ്തതെങ്കിലും ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി പഠാൻ മാറി. 55 കോടിയായിരുന്നു ആദ്യദിന നെറ്റ് കളക്ഷൻ. 53 കോടിയിലേറെ നേടിയ കെജിഎഫ് 2വിന്റെ ഹിന്ദി റെക്കോർഡ് ആണ് എസ്ആർകെ തകർത്തത്.
നുണ പടച്ചുവിട്ട കേരളസ്റ്റോറി
കേരള സ്റ്റോറിയാണ് ഈ വര്‍ഷം റിലീസായ മറ്റൊരു വിവാദ സിനിമ. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയുടെ ട്രെയിലര്‍ റിലീസായതുമുതല്‍ വിവാദമായിരുന്നു. 32,000ത്തോളം യുവതികളെ മതപരിവർത്തനം നടത്തി ഐസിസിൽ എത്തിച്ചെന്നാണ് ടീസറിൽ തന്നെ പറഞ്ഞത്.'കേരളത്തിലെ മനോഹരമായ കായലുകൾക്ക് പിന്നിൽ, കാണാതായ 32000 സ്ത്രീകളുടെ ഭീകര കഥയുണ്ട്. ഭീതിജനകവും ഹൃദയഭേദകവുമായ സമൂഹത്തിന്റെ ഇരുണ്ട ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം 'ദി കേരള സ്റ്റോറി' വെളിപ്പെടുത്തുന്നു' എന്നാണ് ടീസറിന് താഴെ അണിയറ പ്രവർത്തകർ കുറിച്ചിരുന്നതും. സിനിമ യഥാര്‍ത്ഥ കഥയാണെന്ന വാദം കൂടുതല്‍ വിവാദങ്ങളെ ക്ഷണിച്ചുവരുത്തി. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു എന്ന് പറഞ്ഞ് വിഷയം കോടതി വരെ എത്തി. വിവാദങ്ങൾ സിനിമയുടെ ബോക്സ് ഓഫീസ് കിലുക്കത്തിന് വളരെയധികം സഹായിച്ചു. 2023 ൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്ന് കേരള സ്റ്റോറിയാണ്.
വിവാദ പരാമർശങ്ങൾ
നിരന്തരം വിവാദ പ്രസ്താവനകളുമായി നിറഞ്ഞിരുന്ന കങ്കണ റണാവത്ത് ഷാരൂഖിനെതിരെ രംഗത്ത് വന്നതായിരുന്നു വിവാദ പരാമർശങ്ങളിൽ ആദ്യം. പത്താൻ സിനിമക്കും ഷാരൂഖിനുമെതിരെയായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ കങ്കണ നേരിട്ടത് വലിയ സൈബർ ആക്രമണമാണ്. മലയാള നടൻ അലൻസിയറിന്റെ വിവാദ പരാമർശമാണ് മറ്റൊന്ന്. ആണ്‍രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്നതിന്റെ അന്ന് അഭിനയം നിര്‍ത്തുമെന്നുമാണ് അലെന്‍സിയര്‍ പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലായിരുന്നു അത്. എന്നാൽ നടനെതിരെ സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്ന് കടുത്ത വിമര്‍ശനമുയർന്നു.
തമിഴ് നടൻ മൻസൂറലിഖാന്റെ സ്ത്രീ വിരുദ്ധ പരാമർശമാണ് വർഷാവസാനമുണ്ടായ മറ്റൊരു വിവാദം. 'ലിയോ'യില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടന്‍ പറഞ്ഞത്. സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ബോക്സ് ഓഫീസിൽ തലൈവർ - ദളപതി വിളയാട്ടം, മലയാളത്തിൽ 2018
ബോളിവുഡിൽ ഷാരൂഖ് ആയിരുന്നു നേട്ടം കൊയ്തതെങ്കിൽ ദക്ഷിണേന്ത്യയിൽ 2023 ൽ മുന്നേറ്റമുണ്ടാക്കിയത് തമിഴ് സിനിമയാണ്. രജനിയുടെ ജയിലറും വിജയിയുടെ ലിയോയും ബോക്സ് ഓഫീസ് മുഴുവൻ കത്തിച്ചാണ് ഫൈനൽ റൺ അവസാനിപ്പിച്ചത്. തമിഴ് ഇൻഡസ്ട്രിയിലെ തന്നെ റേക്കോർഡാണ് ഇത്. 633 കോടിയാണ് ജയിലർ ആഗോള ബോക്സ്ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ദളപതി വാരിയത് 612 കോടിയായും.
മലയാളത്തിന് അത്ര നല്ല വർഷമായിരുന്നില്ല 2023. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവുമധികം സിനിമകൾ റിലീസ് ചെയ്ത വർഷമാണ് 2023. സൂപ്പർതാരങ്ങളുടെയും പ്രമുഖ സംവിധായകരുടെയുമുൾപ്പടെ 220 ൽ പരം സിനിമകളാണ് തിയറ്റർ, ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലായി പ്രേക്ഷകരെ തേടിയെത്തിയത്. എന്നാൽ, ഇതിൽ ഹിറ്റുകൾ 14 എണ്ണം മാത്രമാണ്.
ഇതിനിടെയിലും വലിയ വിജയമായി ജൂഡ് ആന്തണി ചിത്രം 2018 മാറി. 200 കോടിക്കടുത്ത് കളക്ഷൻ നേടി മുന്നേറ്റമുണ്ടാക്കി. ചിത്രം ഇന്ത്യയുടെ ഔദ്യോഗിത ഒസ്കർ എൻട്രിയായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടതും മലയാളത്തിന് അഭിമാനമായി.