പുതുപ്പള്ളി: സി.പി.എം വോട്ടു പിടിക്കുമോ, അതോ പ്രചാരണത്തിൽ ഒതുങ്ങുമോ?

അര നൂറ്റാണ്ടിലധികം ഉമ്മൻചാണ്ടി ജയിച്ചുകയറിയ പുതുപ്പള്ളിയിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് അരങ്ങൊരുമ്പോൾ ഇടതുപക്ഷം കാത്തുവെച്ച രാഷ്ട്രീയായുധം എന്തായിരിക്കും?

Update: 2023-07-23 13:31 GMT
Advertising

ലീഡർ കെ.കരുണാകരനെ താഴെയിറക്കി എ.കെ ആന്റണി മുഖ്യമന്ത്രി ആയശേഷം 1996 ൽ കേരളം പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പാർലമെൻ്റ്, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടക്കുന്നത്. നരസിംഹറാവു മന്ത്രിസഭയിൽ അംഗമായെങ്കിലും ലീഡറും കൂട്ടരും പ്രതികാരദാഹികളായിത്തന്നെ തുടർന്നു. മുഖ്യമന്ത്രി ആയത് ആൻറണിയാണെങ്കിലും ഐ ഗ്രൂപ്പിൻ്റെ കലിയത്രയും അട്ടിമറിയുടെ സൂത്രധാരനായ ഉമ്മൻചാണ്ടിയോട് ആയിരുന്നു. വള്ളക്കാലിൽ കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിയിൽ പാഠം പഠിപ്പിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു.



കോട്ടയം ജില്ലാ കൗൺസിൽ പ്രസിഡൻറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായിരുന്ന ടി.വി എബ്രഹാം പുതുപ്പള്ളിയിൽ ഇടതു മുന്നണി സ്ഥാനാർത്ഥി ആകുമെന്നാണ് പൊതുവെ കേട്ടിരുന്നത്. ഒരു വർഷം മുന്നേതന്നെ എബ്രഹാം പ്രചരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ഐ ഗ്രൂപ്പുകാരുടെ തുറന്ന പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഉമ്മൻചാണ്ടി ഇത്തവണ കുഴപ്പത്തിലാകുമെന്ന ശ്രുതി പടർന്നു. ഇടതു കേന്ദ്രങ്ങളിൽ ആത്മവിശ്വാസം പ്രകടവുമായിരുന്നു.

അത്ഭുതമെന്ന് പറയട്ടെ, ഇടത് സ്ഥാനാർത്ഥിയായി സി.പി.എമ്മിൻ്റെ യുവ നേതാവ് റെജി സക്കറിയ അവസാന നിമിഷം പ്രത്യക്ഷപ്പെട്ടു. ഇടത് പ്രവർത്തകർ കടുത്ത നിരാശയിലായി. സീറ്റുറപ്പിച്ച് കാശുമുടക്കി പ്രവർത്തനം തുടങ്ങിയിരുന്ന ടി.വി എബ്രഹാം ചതിയിൽ ഹതാശനായി. വൈകാതെ ജോസഫിനെ വിട്ട് മാണിയോടൊപ്പം ചേരുകയും ചെയ്തു.

കോട്ടയം - പുതുപ്പള്ളി അടിവലിവ്

അന്ന് മുതിർന്ന സി.പി.എം നേതാവ് ടി.കെ രാമകൃഷ്ണനാണ് തൊട്ടടുത്ത കോട്ടയം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി. 1987 ൽ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു ടി.കെയുടെ എതിരാളി. ഒരു സ്ഥാനാർത്ഥി മരിച്ച് തെരഞ്ഞെടുപ്പ് മാറ്റിയതിനാൽ ടി.കെ മന്ത്രിയായ ശേഷമായിരുന്നു വോട്ടെടുപ്പ്. യുവാക്കൾ തിരുവഞ്ചൂരിനായി ആഞ്ഞ് പ്രവർത്തിച്ചെങ്കിലും മന്ത്രിപ്പൊലിമയിൽ ടി.കെ 10000 വോട്ടിന് ജയിച്ചു.

സാക്ഷാൽ ചെറിയാൻ ഫിലിപ്പിനെയാണ് 1991ൽ ടി.കെയെ എതിരിടാൻ കോൺഗ്രസ് രംഗത്തിറക്കിയത്. എതിരാളിക്കൊരു പോരാളി എന്നതായിരുന്നു കോട്ടയത്തെ ചുവരെഴുത്ത്. മുവ്വായിരത്തിൽ താഴെ വോട്ടുകൾക്കാണ് ശക്തമായ സാമുദായിക മേൽക്കൈ ഉണ്ടായിട്ടും ടി.കെ കടന്നുകൂടിയത്. 96ലാകട്ടെ കോട്ടയം പട്ടണം കണ്ടിട്ടുകൂടിയില്ലാത്ത മോഹൻ ശങ്കറാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചത്. എന്നിട്ടും ടി.കെയുടെ ഭൂരിപക്ഷം 7500 വോട്ടിലൊതുങ്ങി. പുതുപ്പള്ളിയിൽ റെജി സക്കറിയയെ നിർത്തിയതിൻ്റെ പ്രത്യുപകാരമാണ് കോട്ടയത്ത് മോഹൻ ശങ്കറിൻ്റെ സ്ഥാനാർത്ഥിത്വമെന്ന് നാട്ടിൽ സംസാരമുണ്ടായി. കോട്ടയം - പുതുപ്പള്ളി അടിവലിവിനെക്കുറിച്ച് തിരുനക്കര മൈതാനത്ത് കാറ്റു കൊള്ളാൻ ഇരിക്കുന്നവർ ഒന്നടങ്കം അഭിപ്രായൈക്യത്തിലായിരുന്നു. കള്ളവോട്ടു ചെയ്യാൻ ചെന്ന കോൺഗ്രസുകാരോട് "രമേശിനൊള്ളത് കൊടുത്തോ, ടി.കെക്കൊള്ളത് ഇങ്ങ് തന്നാൽമതി" എന്ന് സി.പി.എമ്മുകാർ ഉദാരരായി. സിറ്റിംഗ് എം.പി രമേശ് ചെന്നിത്തല മത്സരം തുടരുകയായിരുന്നു അന്ന്.

അതൊരു തെരഞ്ഞെടുപ്പായിരുന്നു

ചാരായ നിരോധനമെന്ന തുറുപ്പുഗുലാൻ ഇറക്കിയായിരുന്നു 96 ലെ തെരഞ്ഞെടുപ്പിൽ ആൻറണി വോട്ടു ചോദിച്ചത്. സാക്ഷാൽ ലീഡർ ആകട്ടെ രാജ്യസഭാംഗമെന്നത് കുറച്ചിലെന്നുറപ്പിച്ച് സ്വന്തം തട്ടകമായ തൃശൂർനിന്ന് പാർലമെൻറിലേക്ക് പോകാൻ നിൽക്കുന്നു. കോൺഗ്രസ് ഗ്രൂപ്പുകൾ മത്സരിച്ച് കാലുവാരി. ഫലം വന്നപ്പോൾ തൃശൂരിൽ 1000 വോട്ടിന് സി.പി.ഐയിലെ അതികായൻ വി.വി രാഘവൻ വിജയിച്ചു. തന്നെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തിയെന്ന് ലീഡർ വിലപിച്ചു.

നിയമസഭയിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടി. അവിടെയും കാലുവാരലിന് കുറവുണ്ടായിരുന്നില്ല. വി.എസ് അച്യുതാനന്ദൻ പാർട്ടി കോട്ടയായ മാരാരിക്കുളത്ത് തോറ്റു. അഥവാ പാർട്ടിക്കാർ തോൽപിച്ചു. പുതുപ്പള്ളിയിൽ വളഞ്ഞ ചിഹ്നത്തിൽ കുത്താൻ അറപ്പുള്ളവരടക്കം ഐ ഗ്രൂപ്പുകാർ പേരിൽ കുത്തി വോട്ടു ചെയ്തിട്ടും റെജി സക്കറിയ തോറ്റു. ഉമ്മൻ ചാണ്ടി 10000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മണ്ഡലത്തിൽ സി.പി.എം പ്രചാരണമൊക്കെ നടത്തിയെങ്കിലും പ്രവർത്തകർ വോട്ടു പിടിക്കാൻ മടി കാണിച്ചതായി ആക്ഷേപമുണ്ടായിരുന്നു. എന്തായാലും കോട്ടയത്തുനിന്ന് ടി.കെയും പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടിയും സഭയിലെത്തി. ടി.കെ മന്ത്രിയുമായി.

വീണ്ടും റെജി സക്കറിയ

അന്ന് അപ്രത്യക്ഷനായ റെജി സക്കറിയയെ പിന്നെ കാണുന്നത് 2016ൽ കോട്ടയത്തെ സ്ഥാനാർത്ഥി ആയാണ്. കുത്തകയാക്കി വെച്ചിരുന്ന അടൂർ മണ്ഡലം പട്ടികജാതി സംവരണം ആയതിനാൽ 2011 ൽ സ്വന്തം നാടായ കോട്ടയത്ത് തിരിച്ചെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനോട് സിറ്റിംഗ് എം.എൽ.എ ആയിരുന്ന ഇപ്പോഴത്തെ മന്ത്രി വി.എൻ വാസവൻ തോറ്റത് എണ്ണൂറിൽ താഴെ വോട്ടുകൾക്കാണ്.

2016ൽ ആകട്ടെ സി.പി.എം അണികൾക്ക് തിരുവഞ്ചൂരിനോട് വിദ്വേഷം കത്തിനിൽക്കുന്ന സമയം. ടി പി വധക്കേസിൽ പാർടി നേതാക്കളെ പ്രതികളാക്കിയതും സോളാർ സമരം പൊളിച്ചതുമെല്ലാംകൂടി തിരുവഞ്ചൂരെന്ന് കേട്ടാൽ കണ്ണിൽനിന്ന് തീ പറക്കുന്ന അവസ്ഥയിലായിരുന്നു സി.പി.എമ്മുകാർ. വാസവൻ സ്ഥാനാർത്ഥിയായി വരുമെന്നും മത്സരത്തീ ആളുമെന്നും അവർ കരുതി. പക്ഷെ പാർട്ടി സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ ദേ കിടക്കുന്നു റെജി സക്കറിയ. സാധ്യതപ്പട്ടികയിലോ, പാർട്ടിക്കാരുടെ മനസ്സിൻ്റെ ഓരങ്ങളിലോ പോലും ഇടംപിടിക്കാത്ത പേര്. ലാവലിൻ ഒത്തുതീർപ്പെന്ന കുശുകുശുപ്പ് തിരുനക്കരയിലെ കാറ്റിൽ പറന്നു നടന്നു. ഫലം വന്നപ്പോൾ 32000 വോട്ടിൻ്റെ വൻ ഭൂരിപക്ഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജയിച്ചു.

സി.പി.എം ഗംഭീര പ്രചാരണമൊക്കെയാണ് നടത്തിയത്. ഫ്ലക്സിന് ഫ്ലക്സ്, കൊടിക്ക് കൊടി, പ്രകടനത്തിന് പ്രകടനം എല്ലാമുണ്ടായിരുന്നു. പക്ഷെ പ്രചരണം മാത്രമേയുണ്ടായുള്ളു. വോട്ടു പിടിച്ചില്ല. എന്നുവെച്ചാൽ പാർട്ടി വോട്ടുകൾ ഉറപ്പാക്കലും, പുതിയ വോട്ടുകൾ ആകർഷിക്കലും, കയ്യാലപ്പുറത്തെ വോട്ടുകൾ ഇപ്പുറത്തേക്ക് വീഴിക്കലും ഒന്നുമുണ്ടായില്ല. ഫലം നാണംകെട്ട തോൽവി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നത് ഉറപ്പുമായി.



ദേ വീണ്ടും റെജി സക്കറിയ

ഉമ്മൻ ചാണ്ടി വിടപറഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയോട് പതിനായിരത്തിൽ താഴെ വോട്ടിന് മാത്രം തോറ്റ ജെയ്ക്ക് സി. തോമസ് സ്ഥാനാർത്ഥിയായി ഉഗ്രപോരാട്ടം കാഴ്ചവെക്കുമെന്നാണല്ലോ ജനം സ്വാഭാവികമായും കരുതുക. ജെയ്ക്ക് നാട്ടുകാരനാണ്. യാക്കോബായ വിഭാഗത്തിൻ്റെ പിന്തുണയുമുണ്ട്. ചെറുപ്പവുമാണ്. മറുവശത്ത് ചാണ്ടി ഉമ്മൻ പിന്തുടർച്ചാവകാശം ഏതാണ്ട് ഉറപ്പിച്ചിരിക്കെ നല്ല മത്സരത്തിന് ജെയ്ക്കാണ് വേണ്ടതും. പക്ഷെ മാധ്യമങ്ങളിലെ സി.പി.എം സാധ്യതാ പട്ടികയിൽ ദേ കിടക്കുന്നു ഒന്നാമതായി റെജി സക്കറിയ. അമ്പതിനായിരത്തിൽപരം വോട്ടിന് തോൽക്കാൻ ഒരുപക്ഷെ ജെയ്ക്കിന് താൽപര്യമുണ്ടാവില്ല. ഭാവിയിലെ വലിയ നേതാവിനെ വലിയ തോൽവിക്ക് വിട്ടുകൊടുക്കാൻ സി.പി.എമ്മിനും. അച്ഛനോടും മകനോടും തോറ്റെന്ന ഖ്യാതിയെങ്കിലും റെജി സക്കറിയക്ക് കിട്ടുകയും ചെയ്യും. ഏതായാലും സ്വരാജിൻ്റെയൊക്കെ ഉറപ്പിന്മേൽ തൃക്കാക്കരയിൽ പിണറായി വിജയനെ കൊണ്ടു നടന്ന് വോട്ടു പിടിക്കാൻ ശ്രമിച്ച് നാണംകെട്ടതുപോലെയുള്ള ഏർപ്പാടിന് സി.പി.എം തയാറായേക്കില്ല. വലിയ പ്രാധാന്യം നൽകാനും സാധ്യത കുറവാണ്. പുതുപ്പള്ളിയിൽ സി.പി.എം ഇക്കുറി വോട്ടു പിടിക്കുമോ, അതോ പ്രചാരണത്തിൽ ഒതുങ്ങുമോ. അതാണറിയേണ്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - അനൂപ് രാജന്‍

contributor

Similar News