'അന്‍റെ ബാപ്പ മൊയ്തീനില്ലേ, ഓന്‍ എന്‍റെ ചങ്ങായിയായിരുന്നു; ആ കഥകളൊക്കെ നിന്ന നില്‍പ്പില്‍ പറഞ്ഞു'
'പിന്നീട് പലപ്പോഴും കോഴിക്കോട്ടെ പല വേദികളിലും മാമുക്കയെ കണ്ടുമുട്ടി. ജോലിയുടെ ഭാഗമായും കൂടിക്കാഴ്ചകളുണ്ടായി. കാണുമ്പോഴൊക്കെ ചങ്ങായിയുടെ മോളോടുള്ള സ്നേഹവും അടുപ്പവും ഒപ്പം പരിഭവവും പങ്കുവെക്കും '
കല്ലായിലെ പാണ്ടികശാലകള്‍ക്ക് അറിയുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. തടിയളവുകാരന്‍ മാമുക്കോയ. കൂട്ടത്തിലുള്ളവരില്‍ ചിലര്‍ മാമു എന്നും മറ്റുചിലര്‍ മാമുക്കാക്ക എന്നും പിന്നെ ഒരു കൂട്ടര്‍ മാമുക്കോയ എന്നെല്ലാം നീട്ടിവിളിച്ചിട്ടുണ്ട്. ഈ വിളികളെല്ലാം നടന്‍ മാമുക്കോയ എന്നറിയപ്പെടുന്ന മനുഷ്യനെ സ്നേഹത്തോടെ ഒരു ദേശം വിളിച്ച വിളിയായിരുന്നു. ഇതില്‍ എന്റെ ഉപ്പ എങ്ങനെയാണ് മാമുക്കോയയെ വിളിച്ചത് എന്ന് എനിക്കറിയില്ല. കാരണം ഉപ്പയുടെ മരണശേഷമാണ് ഈ മനുഷ്യന്‍ ഉപ്പയുടെ സുഹൃത്താണ് എന്നത് ഞാനറിയുന്നത്. സിനിമയും നാടകവും ഫുട്ബോളും ഭക്ഷണവുമൊക്കെ കൂടിയതായിരുന്നു ഉപ്പയുടെ ലോകം. മാമുക്കയുടെ കോഴിക്കോട്ടെ ലോകവും ഇതൊക്കെ തന്നെയായിരുന്നല്ലോ.
"അന്‍റെ ബാപ്പ മൊയ്തീനില്ലേ, ഓന്‍ എന്‍റെ ചങ്ങായിയായിരുന്നു" -വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ ടൗൺഹാളില്‍ ഒരു സാംസ്കാരിക പരിപാടി കഴിഞ്ഞിറക്കുമ്പോളാണ് മാമുക്ക എന്നോട് ഇത് പറയുന്നത്. അന്ന് ഞാന്‍ മാറാട് കലാപത്തിനെ തുടര്‍ന്നുള്ള ഡോക്യുമെന്‍ററിയൊക്കെ ചെയ്ത് നടക്കുന്ന കാലം. പരിചയപ്പെട്ടപ്പോള്‍ വീട് പുതിയപാലമാണെന്ന് പറഞ്ഞു.
അന്‍റു ബാപ്പാന്‍റി പേരെന്താണ് എന്നുടനെ ചോദ്യം വന്നു. പേര് പറഞ്ഞുപ്പോഴാണ് ഉപ്പയുമായുള്ള ചങ്ങായിത്തരത്തിന്‍റെ കഥ പറയുന്നത്. പുതിയപാലത്ത് ഉപ്പയുള്‍പ്പടെ ഒരുപാട് ഫുട്ബോള്‍ പ്രേമികളും കളിക്കാരുമുണ്ടായിരുന്നു. മാമുക്കയും ഫുട്ബോള്‍ ഭ്രാന്തനാണല്ലോ. ഉപ്പയുടെ തന്നെ സുഹൃത്തായിരുന്ന പടന്നയിലെ ബിച്ചിക്കോയ തുടങ്ങി കുറേ പേരുകളും കഥകളുമൊക്കെ നിന്ന നില്‍പ്പില്‍ എന്നോട് പറഞ്ഞു. സ്റ്റേഡിയത്തില്‍ കളിയുണ്ടാകുമ്പോള്‍ ഞാനും മൊയ്തീനുമൊക്കെയുണ്ടാകും തുടങ്ങി കുറെ കഥകള്‍.
കുട്ടിക്കാലത്ത് കളികാണാന്‍ ഉപ്പയോടൊപ്പം കൂട്ടത്തില്‍ ഞാനും പോകാറുണ്ട്. അന്ന് നാഗ്ജി ടൂര്‍ണമെന്‍റ് ആവേശമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക്. മോഹന്‍ ബഗാനും മുഹമ്മദന്സുതമൊക്കെ പന്തുമായി പറന്നടിക്കുന്ന കാലം. എന്‍റെ കുട്ടിക്കാല ഓര്‍മയിലൊന്നും മാമുക്കയുടെ മുഖം പതിഞ്ഞിട്ടില്ല. ഉപ്പയുടെ സൗഹൃദങ്ങളധികവും കോഴിക്കോട്ടങ്ങാടിയിലും രുചിയേറും ഹോട്ടലുകളിലെ തീന്മോശകളിലുമായിരുന്നു വളര്‍ന്ന് പന്തലിച്ചത്. കോഴിക്കോട്ടെ ബോംബേ ഹോട്ടലും കോര്‍ട്ട് റോഡിലുണ്ടായിരുന്ന വീറ്റ് ഹൗസും മിഠായിത്തെരുവിലെ കേരളഭവനിലുമൊക്കെയായിരുന്നു ആ സൗഹൃദങ്ങള്‍.
ആ തീന്മോശകള്‍ക്ക് ചുറ്റിലും സിനിമാക്കഥ പറഞ്ഞിരുന്ന കൂട്ടരില്‍ മാമുക്കയുമുണ്ടായിരുന്നു എന്ന് ഞാനറിയുന്നത് മൂപ്പരില്‍ നിന്ന് തന്നെയാണ്. ഐ.വി ശശിയുടെ 'അങ്ങാടി ' സിനിമയുടെ ഷൂട്ടിങ് ഓര്‍മകളൊക്കെ പലപ്പോഴായുള്ള സംസാരത്തിനിടയില്‍ കടന്നുവരുമായിരുന്നു. പാവാട ബേണം , മേലാട ബേണം എന്ന പാട്ടിന്‍റെ ഷൂട്ട് അന്ന് പുതിയപാലത്ത് വച്ച് നടന്നതിനെക്കുറിച്ചൊക്കെ മാമുക്ക വാചാലനാകും.
പിന്നീട് പലപ്പോഴും കോഴിക്കോട്ടെ പല വേദികളിലും ഞാന്‍ മാമുക്കയെ കണ്ടുമുട്ടി. ജോലിയുടെ ഭാഗമായും കൂടിക്കാഴ്ചകളുണ്ടായി. കാണുമ്പോഴൊക്കെ ചങ്ങായിയുടെ മോളോടുള്ള സ്നേഹവും അടുപ്പവും ഒപ്പം പരിഭവവും പങ്കുവയ്ക്കും . എപ്പോള്‍ കാണുമ്പോളും നിനക്കൊരു തുണ വേണ്ടേ? നല്ലൊരു പുതിയാപ്ലയെ ഞാന്‍ കണ്ടുപിടിക്കട്ടെ എന്ന് ചോദിക്കും. എന്‍റെ ചിരിയും മറുപടിയും കുറച്ച് സങ്കടത്തോടെയാണ് കേള്‍ക്കുക. നെടുവീര്‍പ്പിട്ട് ഒരു ഡയലോഗും കൂടെയുണ്ടാകും. 'ങാ, പടച്ചോന്‍ വിധിച്ചപോലെ നടക്കട്ടെ, നിന്‍റെ ഇഷ്ടം പോലെ ജീവിക്ക്', എന്ന് പറയും. കൂടിക്കാഴ്ചകളില്‍ ഉപ്പയുമായുള്ള ചങ്ങായിത്തരത്തെക്കുറിച്ചുള്ള എന്തെങ്കിലും പറയാതെ അവസാനിക്കാറില്ല. വാക്കുകള്‍ക്കൊടുവില്‍ മനുഷ്യര്‍ക്കുള്ള സ്വാതന്ത്യത്തെ അംഗീകരിക്കുന്ന മാമുക്കയുടെ വലിയ മനസും കാണാനാകും.
എപ്പോഴും പറയുന്ന വാചകത്തില്‍ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.. "നിന്‍റെ ബാപ്പ മൊയ്തീനുണ്ടല്ലോ, ഓന്‍ വലിയ സ്നേഹമുള്ളോനായിരുന്നു. മനുഷ്യന്മാരെ എല്ലാ സ്വാതന്ത്യവും ആഘോഷിച്ച് ജീവിച്ചവനാ മൊയ്തീന്‍. ഓന്‍റെ മോളല്ലേ , നിനക്കും ആ സ്വഭാവം ഉണ്ടാകല്ലോ, നിന്‍റെ ജീവിതം, നിന്‍റെ സ്വാതന്ത്യം അതിനനുസരിച്ച് നീയും ജീവിക്ക്. എനിക്ക് നിന്നോട് പറയാന്‍ ഇനി അതുള്ളൂ.." അതെ.. മനുഷ്യന്‍റെ സ്വാതന്ത്യത്തെക്കുറിച്ചുള്ള വലിയ വാക്കുകള്‍.