ഇസ്രായേലിനെ കോടതി കയറ്റുന്ന ദക്ഷിണാഫ്രിക്ക
ഒരു ജനതയുടെ എല്ലാ മൗലികാവകാശങ്ങളും ഇസ്രായേൽ കവർന്നെടുക്കുമ്പോഴും രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകിയ ലോക രാജ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ശബ്ദം അലോസരപ്പെടുത്തിയത് ചില്ലറയല്ല
വംശഹത്യക്ക് തുനിഞ്ഞിറങ്ങി ഗസ്സയുടെ മണ്ണിൽ നൂറ് ദിവസമായി തുടരുന്ന യുദ്ധവെറിയിൽ ഇസ്രായേലിന് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ്. ഗസ്സയെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ ലോകരാജ്യങ്ങളിൽ ഉറക്കെ ശബ്ദിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു. കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിട്ടും വെള്ളം, ഭക്ഷണം, മരുന്ന്, ഇന്ധനം, പാർപ്പിടം തുടങ്ങി ഒരു ജനതയുടെ എല്ലാ മൗലികാവകാശങ്ങളും ഇസ്രായേൽ കവർന്നെടുക്കുമ്പോഴും മൗനം പാലിക്കുക മാത്രമല്ല രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകുകയും ചെയ്ത ലോക രാജ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ശബ്ദം അലോസരപ്പെടുത്തിയത് ചില്ലറയല്ല.
എന്നാൽ ഫലസ്തീന് വേണ്ടി നിലകൊള്ളുന്നതിൽ നിന്ന് ദക്ഷിണാഫ്രിക്കയെ പിന്തിരിപ്പിക്കാനുള്ള കരുത്തൊന്നും ലോകരാജ്യങ്ങളുടെ മുറുമുറുപ്പുകൾക്ക് ഉണ്ടായിരുന്നില്ലെന്ന് തെളിയിച്ചത് 2023 ഡിസംബർ 29 നായിരുന്നു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടി വംശഹത്യയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു. വംശഹത്യക്കെതിര നിലകൊള്ളാൻ ആഹ്വാനം ചെയ്യുന്ന 1948 ലെ വംശഹത്യ കൺവെൻഷനിൽ (Genocide Convention) ഒപ്പുവെച്ച ഇസ്രായേൽ അത് ലംഘിച്ചുവെന്നും നിയമ നടപടിസ്വീകരിക്കണമെന്നുമായിരുന്നു ഹരജിയിലെ ദക്ഷിണാഫ്രിക്കയുടെ പ്രധാന ആവശ്യം.
ലോകരാജ്യങ്ങളിലേറെയും മൗനം പാലിക്കുന്നത് തുടർന്നപ്പോഴാണ് രാജ്യത്തെ അന്താരാഷ്ട്ര നിയമവിദഗ്ദ്ധരെയും അഭിഭാഷകരെയും ഉൾപ്പെടുത്തി ഒരു നിയമസംഘത്തെ ദക്ഷിണാഫ്രിക്ക രൂപീകരിച്ചത്. ആ സംഘമാണ് ഇസ്രായേലിന്റെ വംശഹത്യക്കെതിരെ ലോകകോടതിയിൽ സമർപ്പിക്കാനുള്ള 84 പേജുള്ള ഹരജി തയാറാക്കിയത്. വർണവിവേചനം,ആട്ടിപ്പുറത്താക്കൽ,വംശീയ ഉന്മൂലനം,അധിനിവേശം,വിവേചനം,ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന്റെ നിരന്തരമായ നിഷേധം എന്നിവയുടെ പശ്ചാത്തലത്തിൽ വംശഹത്യ തടയുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്നായിരുന്നു ഹരജിയിലെ കുറ്റപ്പെടുത്തൽ. തെളിവുകളും നിയമങ്ങളും നിരത്തിയുള്ള ആ റിപ്പോർട്ടിൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ നിർത്തിവെക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ തന്നെയാണ് ദക്ഷിണാഫ്രിക്ക ഇത്തരമൊരു നിലപാട് എടുത്തത്. വർണവിവേചനത്തിനും നീതിനിഷേധത്തിനുമിരെ നടത്തിയ പോരാട്ടത്തിനൊപ്പമാണ് ഫലസ്തീൻ ജനതയുടെ പോരാട്ടത്തെ ദക്ഷിണാഫ്രിക്കൻജനത ചേർത്തുവെക്കുന്നത്.മതപരവും സാമ്പത്തികപരവും വംശീയവുമായ കാരണങ്ങളാണ് ലക്ഷക്കണക്കിനാളുകൾ കൂട്ടക്കൊലക്കിരയായ യഹൂദ വിരുദ്ധതക്ക് പിന്നിൽ. ഒരു കാലത്ത് വംശഹത്യക്കിരയായ ജൂതരാണ് ഇന്ന് ഫലസ്തീനികളുടെ വംശഹത്യക്ക് ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. അതിനെതിരെ ഉറക്കെ ശബ്ദിക്കുന്നതിലൂടെ ഒരു കാലത്ത് ഇരകളായിരുന്നവർ വേട്ടക്കാരായതിനെ ദക്ഷിണാഫ്രിക്ക ചോദ്യം ചെയ്യുക കൂടിയാണ്.അതിനവർക്ക് കരുത്തേകുന്നത് വർണവിവേചന വിരുദ്ധ പോരാട്ട നായകനായ നെൽസൺ മണ്ടേല തന്നെയാണ്.‘ഫലസ്തീനികളുടെ സ്വാതന്ത്ര്യമില്ലാതെ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യം അപൂർണ്ണമാണ്’ എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടാണ് അദ്ദേഹം കടന്നുപോയത്.
നെതർലൻഡ്സിലെ ഹേഗിലെ ഐ.സി.ജെ കോടതിമുറിയിൽ ജനുവരി 12 ന് ദക്ഷിണാഫ്രിക്കയുടെയും 13 ന്ഇസ്രായേലിന്റെയും വാദമാണ് നടന്നത്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യനടത്തുകയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്ക വാദിച്ചു. ആ ജനതയെ പൂർണമായും കൊന്നൊടുക്കാൻ ശേഷിയുള്ള മാരകായുധങ്ങളാണ് ഇസ്രായേൽ പ്രയോഗിക്കുന്നത്. ഫലസ്തീനിനെ കൊന്നാടുക്കാൻ 2023 ഒക്ടോബർ ഏഴിനല്ല ഇസ്രായേൽ തുടങ്ങിയതെന്നും കഴിഞ്ഞ 76 വർഷമായി ആ ജനത വേട്ടയാടപ്പെടുകയാണെന്നുമായിരുന്നു പ്രധാന വാദം. കഴിഞ്ഞ 20 വർഷത്തിലെ ഗസ്സയുടെ ജലസ്രോതസുകളും വൈദ്യുതിയും അടിസ്ഥാന സൗകര്യ വികസനങ്ങളുമെല്ലാം ഇസ്രായേൽ നിഷേധിക്കുകയാണെന്ന് വാദിച്ച സംഘം ഇസ്രായേലിന്‍റെ സൈനിക നടപടിയും കുടിയൊഴിപ്പിക്കലും അടിയന്തരമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഗസ്സയിലെ ജനതക്ക് വെള്ളം,ഭക്ഷണം പാർപ്പിടം,ചികിത്സ എന്നിവ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകസംഘം വ്യക്തമായ തെളിവുകളുമായെത്തി ഇസ്രായേലിനെ ലോകത്തിന് മുന്നിൽ വരച്ചുകാട്ടുകയായിരുന്നു.തെളിവുകളായി ഉയർത്തിക്കാട്ടിയതിൽ ഇസ്രായേൽ ബോംബിട്ടുകൊന്നു കളഞ്ഞ മാധ്യമപ്രവർത്തകർ പകർത്തിയ ചിത്രങ്ങളും വാർത്തകളുമുണ്ടായിരുന്നു.ലോകത്തിന് മുന്നിൽ ഇസ്രായേലിനെ തുറന്നുവെക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.ഈ കോടതിയിൽ നിന്നുള്ള ഒരു തീർപ്പ് മാത്രമാണ് ഇനി ഗസ്സയ്ക്ക് മുന്നിലുള്ള ഏക പ്രതീക്ഷയെന്നും വാദിച്ചു. ഗസ്സയിലെത് വംശഹത്യയല്ലെന്ന തീർപ്പിൽ ചിലപ്പോൾ കോടതി എത്തിയേക്കാം,എന്നാൽ അവിടെ നടക്കുന്നത് വംശഹത്യാ കുറ്റങ്ങളാണെന്നത് ഉറപ്പിച്ചു പറയാൻ ഈ തെളിവുകൾ മതിയെന്ന് പറഞ്ഞായിരുന്നു ദക്ഷിണാഫ്രിക്കൻ സംഘം വാദം അവസാനിപ്പിച്ചത്.നീതിന്യായ കോടതിയിൽ വാദം നടക്കുമ്പോൾ ഹേഗിന്‍റെ തെരുവുകളിൽ ഫലസ്തീന് ഐക്യദാർഡ്യവും ഇസ്രായേലിനെതിരെ പ്രതിഷേധവും അരങ്ങേറി.
വംശഹത്യാ ലക്ഷ്യങ്ങളൊന്നുമില്ലെന്നായിരുന്നു പിറ്റേന്ന് ഇസ്രായേൽ സംഘം വാദിച്ചത്.ഇസ്രായേലിനോട് എന്തോ പ്രശ്‌നമുള്ള പോലെയാണ് ദക്ഷിണാഫ്രിക്ക വിഷയത്തെ സമീപിച്ചതെന്നായിരുന്നു ഇസ്രായേലിന്‍റെ പ്രധാനവാദങ്ങളിലൊന്ന്.ഗസ്സയിലെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കണമെന്ന ആവശ്യം ആശ്ചര്യപ്പെടുത്തുന്നതെന്നായിരുന്നു സംഘം വാദിച്ചത്.ദക്ഷിണാഫ്രിക്ക നിരത്തിയ തെളിവുകളെ ഘണ്ഡിക്കാൻ മാത്രമുള്ള വാദങ്ങളൊന്നുമില്ലായിരുന്നു ഇസ്രായേലിന്‍റെ പക്കൽ.രണ്ട് ദിവസത്തെ വാദം പൂർത്തിയായതോടെ കോടതിയുടെ തീരുമാനം ദിവസങ്ങൾക്കകമുണ്ടാകും.
ദക്ഷിണാഫ്രിക്കയുടെ നിയമനടപടിയെ പിന്തുണച്ച് നിരവധി ലോകരാജ്യങ്ങൾ മുന്നോട്ട് വന്നതോടെ ഇസ്രായേൽ കൂടുതൽ പ്രതിരോധത്തിലായി.എന്നാൽ ദക്ഷിണാഫ്രിക്കയുടെ നടപടിക്കെതിരെ യു.എസ് രംഗത്തെത്തി. യൂറോപ്യൻ യൂനിയനും മിക്ക പടിഞ്ഞാറൻ രാജ്യങ്ങങ്ങളും മൗനം തുടരുകയാണ്. അതെ സമയം ഹരജിയുമായി കോടതി കയറിയതിന് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ദക്ഷിണാഫ്രിക്ക നേരിടേണ്ടി വരുമെന്നും വിലയിരുത്തലുകളുണ്ട്.യുദ്ധരംഗത്ത് ഹമാസിന്‍റെയും ഫലസ്തീനികളുടെയും പ്രതിരോധങ്ങളെ അതിജീവിക്കാൻ ചിലപ്പോഴെങ്കിലും ഇസ്രായേലിന് കഴിഞ്ഞിരിക്കും.എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക അക്കമിട്ട് നിരത്തിയ വാദങ്ങളും തെളിവുകളുമുണ്ടല്ലോ,അത് ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുകയായിരുന്നു. കോടതിയുടെ ഉത്തരവ് എന്ത് തന്നെയായാലും വംശഹത്യ നടന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ വാദങ്ങളെ അതിജയിക്കാനുള്ള ‘ആയുധങ്ങളൊന്നും’ ഇസ്രായേലിന്‍റെ പക്കൽ ഇല്ല എന്നും ലോകത്തിന് മനസിലായി.അത് തന്നെയായിരിക്കണം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യവും.